രാഹുല്‍ ബുധനാഴ്ച കേരളത്തിലെത്തും; വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മണ്ഡലത്തിന്‍റെ ചുമതല.
വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനായി ബുധനാഴ്ച രാഹുല്‍ കോഴിക്കോട് എത്തും. മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മണ്ഡലത്തിന്‍റെ ചുമതല.
രാഹുല്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് വയനാട് ജില്ലാ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക നല്‍കുക. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ മത്സരിക്കാന്‍ എത്തുന്നതിനാല്‍ കോൺഗ്രസിൻറെ ദേശീയ, സംസ്ഥാന നേതാക്കൾ വയനാട്ടിലെ പ്രചാരണ കാര്യങ്ങളുടെ മേൽനോട്ടങ്ങൾക്കായി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് തുടങ്ങിയവർ ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. ഈ മാസം 9ന് എ.കെ ആൻ്റണി വയനാട്ടിൽ എത്തുന്നുണ്ട്.
എന്‍.ഡി.എക്കായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. തുഷാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. രണ്ടാംഘട്ട പ്രചരണവും പൂർത്തിയാക്കി വരുന്ന ഇടതുപക്ഷ സ്ഥാനാർഥി പി.പി സുനീർ സുൽത്താൻ ബത്തേരിയിൽ ആണ് ഇന്ന് പര്യടനം നടത്തിയത്.