രാഹുല്‍ നാളെ കേരളത്തിലെത്തും
മറ്റന്നാള്‍ വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും . മറ്റന്നാള്‍ വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിന്റെ പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കളും ജില്ലയിലെത്തും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇടതുപക്ഷവും എന്‍.ഡി.എയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നാളെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തും വ്യാഴാഴ്ച കാലത്ത് 11. 15 ഓടെ കല്‍പ്പറ്റയിലെ കലക്ട്രേറ്റിലെത്തി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും . രാഹുലിന്റെ വരവിനു മുന്നോടിയായി എസ്.പി.ജി സംഘം വയനാട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. മുതിര്‍ന്ന കേന്ദ്ര നേതാക്കളില്‍ ചുരുങ്ങിയത് 7 പേരെയെങ്കിലും രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ പ്രചരണത്തിനെത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക.രാഹുലിനെ സ്വാഗതം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസം ബത്തേരിയില്‍ നടന്ന യു.ഡി. എഫ് റാലിയില്‍ യുവാക്കളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഇടത് സ്ഥാനാര്‍ഥി പി.പി സുനീറിനായുള്ള ശക്തമായ പ്രചരണവും മണ്ഡലത്തില്‍ നടക്കുന്നുണ്ട് . ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന റാലി രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്യുന്നതായി.
അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് വയനാട്ടിലെത്തും . ബി.ജെ.പി , ബി.ഡി.ജെ.എസ് നേതാക്കളുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ തുഷാറിന് സ്വീകരണമൊരുക്കിയിട്ടുണ്ട്.നാളെ കാലത്ത് 11 മണിക്കായിരിക്കും തുഷാര്‍ പത്രിക സമര്‍പ്പിക്കുക. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കണമെന്ന് എന്‍.ഡി.എ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെയെത്തുന്നതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദേശീയം രാഷ്ട്രീയം തന്നെയാകും പ്രധാന ചര്‍ച്ച.