രാഹുല്‍ അമേഠിയിലെ പോലെ വയനാട്ടിലും വൻ ഭൂരിപക്ഷം നേടുമെന്ന് ചെന്നിത്തല
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
രാഹുൽ ഗാന്ധിക്ക് അമേഠിയിലെ പോലെ തന്നെ വയനാട്ടിലും വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കുന്നത് വഴി തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
വണ്ടൂർ നിയോജകമണ്ഡലം യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ചെന്നിത്തല റെക്കോർഡ് ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാഹുലിന് ഭൂരിപക്ഷം നൽകുന്ന കാര്യത്തിൽ ഏറനാടും വണ്ടൂരും തമ്മിലുള്ള മത്സരമായിരിക്കുമെന്ന് പി.കെ ബഷീർ എം .എൽ. എ ഹാസ്യ രൂപേണ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വരവോടെ പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശം ഇരട്ടിയാണെന്ന് തെളിയിക്കുന്നതായിരുന്നു വണ്ടൂർ കൺവെൻഷൻ. നാളെ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉൾപ്പെടെ പൂർത്തിയാക്കി അടുത്ത ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ് യു.ഡി.എഫ്.