രാഹുല്‍ ഇന്ന് കേരളത്തില്‍; നാളെ പത്രിക സമര്‍പ്പിക്കും

രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക

Update: 2019-04-03 04:43 GMT

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും . നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം . രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും . കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കല്‍പ്പറ്റയില്‍ ഇന്ന് യു ഡി എഫ് നേതൃയോഗവും ചേരുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് പത്രിക സമര്‍പ്പിക്കും.

Full View

ഇന്ന് രാത്രി 8 മണിയോടെ കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധിയെ പ്രിയങ്കാഗാന്ധിയും അനുഗമിക്കുന്നുണ്ട്. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി കാലത്ത് 10 മണിയോടെ നേതാക്കളുടെ ഹെലികോപ്റ്റര്‍ വയനാട്ടിലിറങ്ങും. കല്‍പ്പറ്റയിലെ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൌണ്ടിലെ ഹെലിപ്പാടിലും കലക്ട്രേറ്റിലും എസ്.പി.ജി സംഘം സുരക്ഷാ പരിശോധനകള്‍ നടത്തി.പത്രിക സമര്‍പ്പണവും കല്‍പ്പറ്റയിലെ റോഡ് ഷോ യും കഴിഞ്ഞ്. രാഹുല്‍ മണ്ഡലത്തിലെ തെരഞ്ഞെടുത്ത നേതാക്കളുമായി സംവദിക്കും. ഡി.സി.സി ഓഫീസില്‍ 100 പേരെ കാണാനാണ് ആദ്യം എസ്. പി.ജി അനുമതി നല്‍കിയത്. എന്നാല്‍ 300 പേര്‍ക്കെങ്കിലും അവസരം നനല്‍കണമെന്ന ഡി.സി.സിയുടെ ആവശ്യം സുരക്ഷാ വിഭാഗം അനവദിച്ചേക്കും.

Advertising
Advertising

മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി വയനാട്ടിലെത്തിയ മുകുള്‍ വാസ്നിക് , ഉമ്മന്‍ ചാണ്ടി , കെ.സി വേണുഗോപാല്‍ , രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ഇന്ന് ഡി.സി.സി യില്‍ ചേരും. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച എന്‍.ഡി. എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് പത്രിക സമര്‍പ്പിക്കും. ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലായിരിക്കും തുഷാറിന്റെ പത്രികാ സമര്‍പ്പണം . വയനാട്ടില്‍ ഇതിനകം പ്രചാരണ രംഗത്ത് ഏറെ മുന്നേറിയ ഇടത് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍ ഇന്ന് നിലമ്പൂരിലാണ് പര്യടനം നടത്തുക.

Tags:    

Similar News