രാഹുലിന്റെ പത്രികാ സമര്‍പ്പണത്തോടെ യു.ഡി.എഫ് പ്രചരണം സജീവമാകുന്നു
രാഹുല്‍ തരംഗം കേരളത്തില്‍ യു. ഡി. എഫിന് ശ്ക്തി പകരും
വയനാട്ടില്‍ ആവേശം വിതറിയ രാഹുല്‍ ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തോടെ മണ്ഡലത്തിലെ യു.ഡി.എഫ് പ്രചരണം സജീവമാകുന്നു. പ്രവര്‍ത്തകരുടെ അഭിപ്രായഐക്യം ഉറപ്പുവരുത്താനും പ്രചരണ പരിപാടികളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും രാഹുലിന്‍റെ സന്ദര്‍ശനം വഴിവെച്ചതായാണ് നേതൃത്വം വിലയിരുത്തുന്നത്.
തുടക്കം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്ന വയനാട്ടിലേക്ക് രാഹുലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത് ഏറെ വൈകിയാണ് . അതു കൊണ്ട് തന്നെ പ്രചരണ രംഗത്ത് യു.ഡി.എഫ് മണ്ഡലത്തില്‍ പിന്നിലായിരുന്നു. വൈകിയാണെങ്കിലും വയനാടിനെ മത്സരത്തിന് തെരെഞ്ഞടുത്ത രാഹുല്‍ ഗാന്ധി , പ്രിയങ്കയെയും കൂട്ടി പത്രിക സമര്‍പ്പിക്കാനെത്തിയത് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകര്‍ന്നത് .
രാഹുലിനെ കാണാന്‍ വയനാട്ടിലെത്തിയ പ്രവര്‍ത്തകര്‍ പ്രചരണച്ചുമതല സ്വയം ഏറ്റെടുത്താണ് നാടുകളിലേക്ക് മടങ്ങിയത്. രാഹുല്‍ തരംഗം കേരളത്തില്‍ യു.ഡി.എഫിന് ശക്തി പകരുമെന്നും വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്മേകുമെന്നുമാണ് ഡി.സി.സി യും കണക്കു കൂട്ടുന്നത്.