വയനാട്ടില്‍ രാഹുലിനെ കാത്തിരിക്കുന്നത് കര്‍ഷകരുടെ വിലാപങ്ങളെന്ന് എല്‍.ഡി.എഫ്

എല്‍.ഡി.എഫ് വിപുലമായ കര്‍ഷക പാര്‍ലിമെന്‍റും റാലിയും സംഘടിപ്പിക്കും . 

Update: 2019-04-07 08:43 GMT

വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്‍റെ കാര്‍ഷിക നയങ്ങളുടെ ഇരകളായ കര്‍ഷകരുടെ വിലാപങ്ങളായിരിക്കുമെന്ന് എല്‍.ഡി.എഫ് വയനാട് മണ്ഡലം കമ്മിറ്റി. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് രാഹുലിനോട് ചോദിക്കാനുള്ള പത്ത് ചോദ്യങ്ങളുമായി വീടുകള്‍ കയറിയിറങ്ങാനുള്ള ഒരുക്കത്തിലാണ് ഇടത് ക്യാമ്പ്. ഈ മാസം 16ന് പുല്‍പ്പള്ളിയില്‍ എല്‍.ഡി.എഫ് വിപുലമായ കര്‍ഷക പാര്‍ലമെന്‍റും റാലിയും സംഘടിപ്പിക്കും.

Full View

വയനാട്ടിലെ കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുള്ള വിപുലമായ ക്യാമ്പയിനുകളാണ് ഇടതു മുന്നണി ആസൂത്രണം ചെയ്യുന്നത്. വോട്ട് ചോദിക്കും മുമ്പ് രാഹുല്‍ വയനാട്ട്കാരോട് മാപ്പ് ചോദിക്കുമോ എന്ന തലക്കെട്ടില്‍ പത്ത് ചോദ്യങ്ങളടങ്ങിയ ലഘുലേഖകളുമായി വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങും. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചക്കും കര്‍ഷക ആത്മഹത്യകള്‍ക്കും വഴിവെച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്ന ആരോപണമാണ് ഇടതു പക്ഷം ഉയര്‍ത്തുന്നത്.

Advertising
Advertising

ആസിയാന്‍ കരാര്‍ മുതല്‍ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ വരെ ചര്‍ച്ചയാക്കിയാണ് കര്‍ഷകര്‍ക്കിടയില്‍ പ്രചാരണം നടത്തുക. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട്ടിലെ പുല്‍പ്പള്ളിയിലും, നിലമ്പൂരിലും കര്‍ഷക പാര്‍ലമെന്‍റ് സംഘടിപ്പിക്കാനും എല്‍.ഡി.എഫിന് പദ്ധതിയുണ്ട്. ഫാഷിസത്തിന്‍റെ ഇരകളായ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചും, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ ജാനുവിനൊപ്പം ആദിവാസി മേഖലകളില്‍ രാഹുലിനെതിരായ പ്രചാരണം വ്യാപിപ്പിച്ചും മുന്നോട്ട് പോകാനാണ് മണ്ഡലത്തില്‍‍ ഇടത് മുന്നണി തീരുമാനം.

Tags:    

Similar News