ജനകീയ പ്രശ്നങ്ങള്‍ ഊന്നിപ്പറഞ്ഞ് രാഹുല്‍; ദ്വിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയായി

മന്‍കി ബാത് നടത്താനല്ല വന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്. നിങ്ങളുടെ സഹോദരനായി, മകനായി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. 

Update: 2019-04-17 16:37 GMT
Advertising

രാഹുല്‍ ഗാന്ധിയുടെ ദ്വിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും തൃത്താലയിലും രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ ഊന്നിപ്പറഞ്ഞും വയനാടുമായി ദീര്‍ഘകാല ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചുമായിരുന്നു രാഹുലിന്‍റെ പര്യടനം. എല്ലായിടത്തും മോദിയെ കണക്കറ്റ് വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയും അംബാനിക്ക് കോടികളുടെ വഴിവിട്ട സഹായം നല്‍കിയും മോദി നടത്തിയത് വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്നും രാഹുല്‍ കണ്ണൂരില്‍ പറഞ്ഞു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നേതൃയോഗത്തിന് മുന്‍പ് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട രാഹുല്‍, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കണ്ണൂരിലടക്കം സി.പി.എം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ കുറിച്ചുളള ചോദ്യത്തിന് എല്ലാത്തരം അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരാണെന്ന് മാത്രമായിരുന്നു രാഹുലിന്റെ മറുപടി.

കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറിലധികം കര്‍മങ്ങള്‍ക്കായി രാഹുല്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു.

Full View

മന്‍കി ബാത് നടത്താനല്ല വന്നതെന്ന് രാഹുല്‍

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട് മത്സരിക്കുന്നത്. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.

മന്‍കി ബാത് നടത്താനല്ല വന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്. നിങ്ങളുടെ സഹോദരനായി, മകനായി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന പ്രദേശമാണ് വയനാടെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം തന്നതിന് നന്ദിയെന്നും രാഹുല്‍ പറഞ്ഞു.

വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വയനാട്. വിവിധ സമുദായങ്ങള്‍ ഒരുമയോടെ താമസിക്കുന്ന സ്ഥലമാണ് വയനാട്. ഇവിടെ വന്നത് നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാനാണ്, നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനാണ്, നിങ്ങളില്‍ നിന്ന് നേരിട്ട് അറിയാനാണ് ഇവിടെ വന്നത്. വയനാട്ടില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്. വന്യജീവികളുടെ ശല്യമുണ്ട്. അതിന് പരിഹാരം ഉണ്ടാകും. പരിഹാരം അടിച്ചേല്‍പ്പിക്കാനല്ല വന്നത്. നിങ്ങളുടെ പക്കലില്‍ നിന്ന് തന്നെ അതിനുള്ള പരിഹാരം കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

Full View
Tags:    

Similar News