കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി വില്‍പ്പന; തര്‍ക്കത്തില്‍ വലഞ്ഞ് തൊഴിലാളികള്‍
കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് കമ്പനിയും റിയല്‍ എസ്റ്റേറ്റുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ വലയുകയാണ് കിനാലൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍.
കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി വില്‍പ്പന വീണ്ടും കോടതി കയറിയതോടെ നിയമ കുരുക്കില്‍പെട്ട് 533 തൊഴിലാളി കുടുംബങ്ങള്‍. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൊഴിലാളികളില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ അന്വേഷണത്തിന് ശേഷമെ തൊഴില്‍ ആനുകൂല്യമായി ലഭിച്ച ഭൂമിയില്‍ ഇനി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ.
കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് കമ്പനിയും റിയല്‍ എസ്റ്റേറ്റുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ വലയുകയാണ് കിനാലൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍. ഭൂമി വില്‍പ്പനയില്‍ ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തെതുടര്‍ന്ന് തൊഴിലാളികള്‍ക്ക് കമ്പനി ആനുകൂല്യമായി നല്‍കിയ ഒരേക്കര്‍ മൂന്ന് സെന്റ് ഭൂമിയുടെ നികുതി പോലും സ്വീകരിക്കരുതെന്ന ഉത്തരവ് ജില്ലാ കളക്ടര്‍ ഇറക്കിയിരുന്നു.
എസ്റ്റേറ്റ് മാഫിയ നിയമവിരുദ്ധമായി സ്ഥലം വില്‍പ്പന നടത്തിയതിന് നിയമപരമായി സ്ഥലം കിട്ടിയ ഞങ്ങളെക്കൂടി ഉപദ്രവിക്കുന്നതെന്തിനെന്ന ചോദ്യമാണ് തൊഴിലാളികളുന്നയിക്കുന്നത്. സംഭവത്തില്‍ താലൂക്ക് ലാന്റ് ബോര്‍ഡ് നടത്തുന്ന അന്വേഷണം അടുത്തയാഴ്ച തുടങ്ങും.ആദ്യ പടിയായി സ്ഥലം കൈവശം വെച്ചിരിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്യുക.