കവളപ്പാറ ഉരുള്‍പൊട്ടലില്‍ ഒമ്പത് മരണം; രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധം

പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതിയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെക്ഷാമവും അനുഭവപ്പെടുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്

Update: 2019-08-10 13:46 GMT

കവളപ്പാറ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്ന് ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. 60ല്‍ അധികം പേര്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ മീഡിയവണിനോട് പറഞ്ഞു.

കവളപ്പാറയില്‍ പ്രതികൂലമായ കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇതോടൊപ്പം ഇന്ന് രണ്ടിടത്ത് കൂടി ഉരുള്‍പൊട്ടിയതോടെ രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയിലാണ്.

Full View

സ്ഥലത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഉരുള്‍പൊട്ടല്‍ നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് മണ്ണിടിയാന്‍ ഇനിയും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്.

Advertising
Advertising

Full View

കവളപ്പാറയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍ പിള്ള. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജില്ലാ കലക്ടറോ മറ്റ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയിട്ടില്ല. അധികാരികള്‍ കണ്ണുതുറക്കണം, ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നും കരുണാകരന്‍ പിള്ള പറഞ്ഞു.

Full View

64 പേരെയാണ് മേഖലയില്‍ കാണാതായതെന്ന് മലപ്പുറം എസ്.പി അബ്ദുല്‍ കരീം അറിയിച്ചു. ഇവരെക്കുറിച്ച് വിവരമില്ല. 19 കുടുംബങ്ങളെ കണ്ടെത്താനുണ്ടെന്ന് മന്ത്രി കെ.ടി ജലീലും സ്ഥിരീകരിച്ചു. കവളപ്പാറയില്‍ 19 വീടുകള്‍ പൂര്‍ണമായും 47 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് കണക്കാക്കുന്നത്.

Full View

വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് കവളപ്പാറയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായത്. പിറ്റേന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മേഖലയിലേക്ക് എത്താന്‍ തന്നെ സാധിച്ചത്. ഏകദേശം ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.

പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതിയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം ഭക്ഷണം അടക്കം അവശ്യവസ്തുക്കളുടെക്ഷാമവും അനുഭവപ്പെടുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഇന്ന് രണ്ട് തവണകൂടി ഉരുള്‍പൊട്ടലുണ്ടായത് സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

Tags:    

Similar News