ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാർ അന്തരിച്ചു
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാർ അന്തരിച്ചു.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാർ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെയാണ് മരിച്ചത്. ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് തൃശൂർ പാലപ്പള്ളി ദാറു തഖ്‌വയിൽ നടക്കും.
പെരിന്തല്‍മണ്ണ ഏലംകുളം പാലത്തോടാണ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ ജനനം. വിവിധയിടങ്ങളിൽ പ്രമുഖ പണ്ഡിതരുടെ കീഴിലെ ദർസ് പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു ഹൈദ്രോസ് മുസ്‌ലിയാർ. തൃശൂര്‍ ജില്ലയിലെ ചെറുവാളൂര്‍ ജുമാമസ്ജില്‍ ഖത്തീബും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം 30 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ജില്ലയിലെ പുലിക്കണ്ണി ദാറുത്തഖ്‌വ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റു.
15 വര്‍ഷത്തോളമായി ദാറുത്തഖ്‌വയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. മധ്യകേരളത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹം, സമസ്ത തൃശൂർ ജില്ലാ പ്രസിഡന്റ് പദവിക്ക് പുറമെ, സുന്നി മഹല്ല് ഫെഡറേഷന്റേയും ജംഇയ്യത്തുല്‍ മുദരിസിന്റേയും ജില്ലാ പ്രസിഡന്റ് പദവികൾ കൂടി വഹിച്ചിരുന്നു. ജന്മനാടായ ഏലംകുളം പാലത്തോളിലെ വീട്ടിലെത്തിച്ച മയിത്ത് കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും നിരവധി പേരാണ് എത്തിയത്. മയിത്ത് നമസ്കാരങ്ങൾക്ക് ശേഷം പതിനൊന്നരയോടെ ജനാസ തൃശൂർ പാലപ്പള്ളി ദാറുതഖ്‌വയിലേക്ക് കൊണ്ടുപോയി. വൈകുന്നേരം അഞ്ചുമണിക്ക് ദാറുത്തഖ്‌വയിലാണ് ഖബറടക്കം.