'ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും': ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
ഫോൺനമ്പർ അടക്കം പങ്കുവെച്ചാണ് ഭാഗ്യലക്ഷ്മി ഭീഷണിയുടെ കാര്യം അറിയിച്ചത്
തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി കോൾ. ഫേസ്ബുക്കിൽ ഫോൺനമ്പർ അടക്കം പങ്കുവെച്ചാണ് ഭാഗ്യലക്ഷ്മി ഭീഷണിയുടെ കാര്യം അറിയിച്ചത്. ദിലീപിനെതിരെ സംസാരിച്ചതിനാണ് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. നടി അക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം ഭാഗ്യലക്ഷ്മി സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് ഭീഷണി.
സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്നും ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തോട് വിയോജിച്ചാണ് രാജി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു സംഘടനയും ഒപ്പം നിൽക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും ദിലീപിന് പച്ചക്കൊടി കാട്ടിയിരുന്നു. താര സംഘടനയായ 'അമ്മ'യിൽ നിന്നും ദിലീപിന് അനുകൂല പ്രതികരണം ഉണ്ടായിരുന്നു.
അതിജീവിത പരാതി കൊടുത്തില്ലെങ്കിൽ അടുത്ത ഇര മഞ്ജു വാര്യർ ആയിരുന്നേനെയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അടുത്ത ചുവട് മുന്നോട്ട് വെക്കാനുള്ള തയാറെടുപ്പിലാണ് അതിജീവിത. അവൾ ഒരു തരിപോലും തളർന്നിട്ടില്ലെന്നും നിയമത്തിന്റെ ഏത് അറ്റംവരെയും പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.രണ്ട് മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിനേക്കാൾ കൂടുതലാണ് കോടതി മുറിയിൽ അനുഭവിച്ചത്. അവളെ തളർത്താമെന്ന് ക്വട്ടേഷൻ കൊടുത്തയാളും പിആർ വർക്കുകാരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. വിധി വന്നതോടെ എല്ലാവർക്കും മനസിലായി ഇയാൾ തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്ന്. വിധി പുറത്ത് വന്നപ്പോൾ അയാൾ പറഞ്ഞത് മറ്റൊരു നടിയുടെ പേരാണ്. അത് തെറ്റ് ചെയ്തതുകൊണ്ടാണെന്നും ഈ വില്ലനിസം അയാൾ നിർത്തില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.