പ്രതീക്ഷിച്ചതുപോലെ ക്രൈസ്തവ വോട്ട് ബിജെപിക്ക് കിട്ടിയില്ല; മുസ്‌ലിം- ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിന് പോയി: കെ.എസ് രാധാകൃഷ്ണൻ

'തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ജില്ലാ പ്രസിഡന്റായിരുന്ന അനീഷിന്റെ പ്രവർത്തനമാണ്. അനീഷ് ആ മണ്ഡലത്തിൽ 65,000 വോട്ട് ചേർത്തു. അത്രയും വോട്ട് ഒരു മണ്ഡലത്തിൽ ചേർക്കുന്നത് ചെറിയ കാര്യമല്ല. 75,000 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം'.

Update: 2025-12-19 08:53 GMT

തിരുവനന്തപുരം: ബിജെപി പ്രതീക്ഷിച്ചതുപോലെ ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ. മുനമ്പം സമരം നടന്ന എറണാകുളം ജില്ലയിലടക്കം ബിജെപിക്ക് ക്രിസ്ത്യൻ വോട്ട് ലഭിച്ചില്ലെന്നും ചെല്ലാനത്ത് താനും പ്രചാരണത്തിന് പോയിരുന്നെന്നും അവിടെയും ബിജെപി തോറ്റെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം.

ബിജെപി പ്രതീക്ഷിച്ചത്ര വോട്ടുകൾ ക്രിസ്ത്യൻ മേഖലകളിൽ നിന്ന് ഉണ്ടാക്കാൻ സാധിച്ചില്ലെന്നതാണ് വസ്തുത. 2000 ക്രിസ്ത്യൻ സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും വളരെ കുറച്ച് പേരേ ജയിച്ചിട്ടുള്ളൂ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ക്രിസ്ത്യൻ വോട്ടർമാരുടെ വലിയ സ്വാധീനമുണ്ട്. ഇവിടങ്ങളിലെല്ലാം ബിജെപി സമർഥമായ രീതിയിൽ ക്രിസ്ത്യൻ സ്ഥാനാർഥികള നിർത്തിയിരുന്നെങ്കിലും ഈ ജില്ലകളെല്ലാം യുഡിഎഫ് തൂത്തുവാരിയെന്നും കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.

Advertising
Advertising

എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെല്ലാം യുഡിഎഫിനാണ് കൂടുതൽ സീറ്റ്. ഇതിന് കാരണം മുസ്‌ലിം- ക്രിസ്ത്യൻ ഏകീകരണമാണ്. ഇവരുടെ വോട്ടുകൾ യുഡിഎഫിനാണ് കിട്ടിയത്. അതൊരു ട്രെൻഡാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 75-80 സീറ്റുകൾ യുഡിഎഫിനും നാലഞ്ച് സീറ്റുകൾ ബിജെപിക്കും കിട്ടുമെന്നും കെ.എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ജില്ലാ പ്രസിഡന്റായിരുന്ന അനീഷ് കുമാറിന്റെ പ്രവർത്തനമാണെന്നും ഉപാധ്യക്ഷൻ പറഞ്ഞു. അനീഷ് ആ മണ്ഡലത്തിൽ 65,000 വോട്ട് ചേർത്തു. അത്രയും വോട്ട് ഒരു മണ്ഡലത്തിൽ ചേർക്കുന്നത് ചെറിയ കാര്യമല്ല. 75,000 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. അതിൽ 65,000 വോട്ട് ഇദ്ദേഹം ചേർത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഗ്ലാമർ മാത്രമല്ല വിജയകാരണം. വ്യക്തിപ്രഭാവം കൊണ്ട് കിട്ടാവുന്ന വോട്ടിന് കേരളത്തിൽ പരിമിതികളുണ്ട്. കുറച്ച് ക്രിസ്ത്യൻ വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്. അല്ലാതെ ക്രിസ്ത്യൻ വോട്ട് കിട്ടിയതുകൊണ്ട് മാത്രം ബിജെപി ജയിച്ച മണ്ഡലമല്ല തൃശൂർ.

ശബരിമല പ്രശ്‌നത്തിന്റെ പേരിൽ എന്നും ഗുണം കിട്ടുന്നത് യുഡിഎഫിനാണെന്നും കെ.എസ് രാധാകൃഷ്ണൻ. ഒറ്റ കേസ് പോലും കോൺഗ്രസ് നേതാക്കൾക്കെതിരെയില്ല. ബിജെപിയുടെ അടിസ്ഥാന വോട്ട് ന്യൂനപക്ഷ വോട്ടല്ല, ഹിന്ദു വോട്ടാണ്. ബിജെപിക്ക് കിട്ടിയ 35 ലക്ഷം വോട്ടുകളിൽ 99.99 ശതമാനവും ഹിന്ദു വോട്ടാണ്. ആകെ ഹിന്ദു വോട്ടുകളുടെ 40 ശതമാനം ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും 50 ശതമാനം കിട്ടിയാൽ ചിത്രം മാറുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. ക്രിസ്ത്യൻ വോട്ട് വേണ്ടപോലെ ഇതുവരെ ബിജെപിക്ക് കിട്ടിയിട്ടില്ല. അത് അംഗീകരിച്ചേ പറ്റൂ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പവർ ക്രിസ്ത്യാനികളുടെ കൈയിൽ വരും. അവർക്ക് പവർ കിട്ടണം, അതിനു വേണ്ടിയാണ് അവർ നിൽക്കുന്നതെന്നും കെ.എസ് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കെ.എസ് രാധാകൃഷ്ണന്റെ പ്രതികരണത്തിന്റെ പൂർണരൂപം...

'2000 ക്രിസ്ത്യൻ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞു. എന്നാൽ വളരെ കുറച്ച് പേരേ ജയിച്ചിട്ടുണ്ടാവൂ. എന്റെ പഞ്ചായത്തായ ചേരാനല്ലൂരിൽ ആറ് പേരാണ് മത്സരിച്ചത്. അവർ ആറ് പേരും ഉശാറായി തോറ്റു. ഏറ്റവും കൂടുതൽ ക്രൈസ്തവ വോട്ടർമാരുള്ള സ്ഥലത്താണ് ഈ ആറ് പേരെയും നിർത്തിയത്.

മുനമ്പമൊക്കെ നടന്ന ജില്ലയിൽ. ചെല്ലാനത്ത് സ്ഥാനാർഥികൾക്ക് വേണ്ടി ഞാനും പ്രചാരണത്തിന് പോയിരുന്നു. അവിടെയും തോറ്റു. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് ഞങ്ങൾക്ക് കിട്ടിയില്ല. ന്യൂനപക്ഷങ്ങളെ മുഴുവൻ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇത്രയേറെ പരിശ്രമിക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയില്ല.

എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ ക്രിസ്ത്യൻ വോട്ടർമാരുടെ വലിയ സ്വാധീനമുണ്ട്. ഇവിടങ്ങളിലെല്ലാം സമർഥമായ രീതിയിൽ ക്രിസ്ത്യൻ സ്ഥാനാർഥികള നിർത്തിയിരുന്നു. പക്ഷേ ഈ ജില്ലകളെല്ലാം യുഡിഎഫ് തൂത്തുവാരി. തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ 14 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നിൽ. ബിജെപിക്ക് 35 ലക്ഷം വോട്ട് കിട്ടിയെന്നാണ് ഏജൻസികളുടെ കണക്ക്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ടുണ്ടായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെല്ലാം യുഡിഎഫിനാണ് കൂടുതൽ സീറ്റ്.

മുസ്‌ലിം- ക്രിസ്ത്യൻ ഏകീകരണം എല്ലായിടത്തും നടന്നു. ഇവരുടെ വോട്ടുകൾ യുഡിഎഫിനാണ് പോയിരിക്കുന്നത്. അതൊരു ട്രെൻഡ് തന്നെയാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 75-80 സീറ്റുകൾ യുഡിഎഫിന് കിട്ടും. നാലഞ്ച് സീറ്റുകൾ ബിജെപിക്കും കിട്ടും. തിരുവനന്തപുരത്തെ നേമത്തും വട്ടിയൂർക്കാവിലും ഈ മുന്നണികൾതന്നെ ബിജെപിക്കാണ് സാധ്യത കൽപ്പിച്ചിരിക്കുന്നത്. അവിടെയൊന്നും ക്രിസ്ത്യൻ ഔട്ട്‌റീച്ചില്ല. അങ്ങനെ സ്വാധീനമുണ്ടായിരുന്നെങ്കിൽ മേൽപ്പറഞ്ഞ മേഖലകളിൽ ബിജെപിക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഞങ്ങൾ പ്രതീക്ഷിച്ചത്ര വോട്ടുകൾ ക്രിസ്ത്യൻ മേഖലകളിൽ നിന്ന് ഉണ്ടാക്കാൻ സാധിച്ചില്ലെന്നതാണ് വസ്തുത.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ജില്ലാ പ്രസിഡന്റായിരുന്ന അനീഷ് കുമാറിന്റെ പ്രവർത്തനമാണ്. അനീഷ് ആ മണ്ഡലത്തിൽ 65,000 വോട്ട് ചേർത്തു. അത്രയും വോട്ട് ഒരു മണ്ഡലത്തിൽ ചേർക്കുന്നത് ചെറിയ കാര്യമല്ല. 75,000 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം അതിൽ 65,000 വോട്ട് ഇദ്ദേഹം ചേർത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഗ്ലാമർ മാത്രമല്ല വിജയകാരണം. വ്യക്തിപ്രഭാവം കൊണ്ട് കിട്ടാവുന്ന വോട്ടിന് കേരളത്തിൽ പരിമിതികളുണ്ട്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുണ്ടാകണമെന്നില്ല. ബൂത്ത് തലത്തിൽ അന്ന് നടത്തിയ പ്രവർത്തനത്തിന്റെ ഫോളോഅപ്പ് ഇത്തവണ നടത്തിയെന്ന് വിശ്വസിക്കുന്നില്ല. മോദി വന്ന് പ്രചാരണം നടത്തിയെന്നതാണ് മറ്റൊരു കാരണം. കുറച്ച് ക്രിസ്ത്യൻ വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്. അല്ലാതെ ക്രിസ്ത്യൻ വോട്ട് കിട്ടിയതുകൊണ്ട് മാത്രം ജയിച്ച മണ്ഡലമല്ല തൃശൂർ. തൃശൂർ ആകെ ക്രിസ്ത്യാനികൾ 24 ശതമാനം മാത്രമേയുള്ളൂ. അത് മൊത്തം ഇങ്ങോട്ട് വരില്ലല്ലോ.

ശബരിമല പ്രശ്‌നത്തിന്റെ പേരിൽ എന്നും ഗുണം കിട്ടുന്നത് യുഡിഎഫിനാണ്. ഒറ്റ കേസ് പോലും കോൺഗ്രസ് നേതാക്കൾക്കെതിരെയില്ല. ബിജെപിയുടെ അടിസ്ഥാന വോട്ട് ന്യൂനപക്ഷ വോട്ടല്ല, ഹിന്ദു വോട്ടാണ്. ബിജെപിക്ക് കിട്ടിയ 35 ലക്ഷം വോട്ടുകളിൽ 99.99 ശതമാനവും ഹിന്ദു വോട്ടാണ്. അപ്പോൾ ആകെ ഹിന്ദു വോട്ടുകളുടെ 40 ശതമാനം ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും 50 ശതമാനം കിട്ടിയാൽ ചിത്രം മാറും. പാരമ്പര്യവോട്ട് ഹിന്ദുക്കളുടേതാണ്. അതുറപ്പ് നിർത്തേണ്ടതുണ്ട്.

ബിജപിക്ക് മത്സരിക്കാൻ 2000 ക്രൈസ്തവരെ കിട്ടി. പക്ഷേ അവരെ കിട്ടിയിട്ട്...

ഉദാ​ഹരണം പറഞ്ഞാൽ, അൽഫോൻസ് കണ്ണന്താനം ഏറ്റവും കൂടുതൽ സഹായം കൊടുത്തത് വല്ലാർപാടം പദ്ധതിക്കാണ്. അവിടെ അദ്ദേഹം മത്സരിച്ചപ്പോൾ എത്ര വോട്ട് കിട്ടിയെന്ന് നോക്കിയാൽ മതി. ക്രിസ്ത്യൻ വോട്ട് ഇതുവരെ കിട്ടിയിട്ടില്ല. അത് അംഗീകരിച്ചേ പറ്റൂ. ഇനി കിട്ടില്ലെന്നും പറയുന്നില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ പവർ അവരുടെ കൈയിൽ വരും. അവർക്ക് പവർ കിട്ടണം, അവർ അതിനു വേണ്ടി നിൽക്കുന്നു. മുസ്‌ലിംകളെ സഹായിക്കാനാണ് അധികാരം വേണമെന്ന് പറയുന്നതെന്ന് ഷാജി പറഞ്ഞു. അതുതന്നെയാണ് ഇവരും പറയുന്നത്. ഇവരത് പരസ്യമായി പറയുന്നില്ല. പക്ഷേ പ്രവൃത്തിയിൽ കാണിക്കുന്നു'.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News