വട്ടിയൂർക്കാവിൽ താരമായി ‘മേയർ ബ്രോ’; ഞെട്ടിയത് സമവാക്യങ്ങൾ  

. സംസ്ഥാനത്തുടനീളം പ്രസിദ്ധനും സോഷ്യൽ മീഡിയയുടെ പ്രിയങ്കരനുമായ പ്രശാന്ത് രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിച്ചപ്പോൾ സാമുദായിക സമവാക്യങ്ങളിലൂന്നിയായിരുന്നു കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രചരണം.

Update: 2019-10-24 08:40 GMT
രാഷ്ട്രീയകാര്യ ലേഖകന്‍ : രാഷ്ട്രീയകാര്യ ലേഖകന്‍

കോൺഗ്രസ്സിന്റെ പാരമ്പരാഗത മണ്ഡലമായ വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് നേടിയ അട്ടിമറി ജയം ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കൂടി വിജയമായി. ശക്തമായ ത്രികോണ മത്സരം പ്രവചിക്കപ്പെട്ട മണ്ഡലത്തിൽ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്തവിധമുള്ള അപ്രതീക്ഷിത ലീഡാണ് സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ 'മേയർ ബ്രോ' ആയ പ്രശാന്തിനുണ്ടായിരുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി കെ. മുരളീധരൻ സ്ഥാനമൊഴിഞ്ഞ വട്ടിയൂർക്കാവ് നിലനിർത്താമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ അട്ടിമറിച്ച പ്രശാന്ത്, ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് വിജയച്ചെങ്കൊടി നാട്ടിയത്.

Advertising
Advertising

2011-ൽ വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നതിനുശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിലെ ജനപ്രിയതാരം കെ. മുരളീധരൻ ആണ് വിജയിച്ചിരുന്നത്. ഇത്തവണ മുൻ തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ടും മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ മോഹൻകുമാറായിരുന്നു സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് വി.കെ പ്രശാന്തിനെ കളത്തിലിറക്കിയതോടെ സമവാക്യങ്ങൾ മാറിമറിയുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു എന്നും പ്രശാന്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും വോട്ടിനു വേണ്ടി ഉപയോഗിച്ചു എന്നുമാണ് കെ. മോഹൻ കുമാർ ആരോപിച്ചത്.

തിരുവനന്തപുരം മേയർ എന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രകടനവും കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാണിച്ച മികവും പ്രശാന്തിനെ ജനകീയനാക്കി മാറ്റിയിരുന്നു. സംസ്ഥാനത്തുടനീളം പ്രസിദ്ധനും സോഷ്യൽ മീഡിയയുടെ പ്രിയങ്കരനുമായ പ്രശാന്ത് രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിച്ചപ്പോൾ സാമുദായിക സമവാക്യങ്ങളിലൂന്നിയായിരുന്നു കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രചരണം. സിറ്റിംഗ് എം.എൽ.എ ആയിരുന്ന കെ. മുരളീധരൻ ശശി തരൂർ എം.പിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മറ്റു സമുദായവോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമാകാൻ കാരണമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു എന്നും പ്രശാന്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും വോട്ടിനു വേണ്ടി ഉപയോഗിച്ചു എന്നുമാണ് കെ. മോഹൻ കുമാർ ആരോപിച്ചത്. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും 'മേയർ ബ്രോ' എന്ന പ്രതിച്ഛായ പ്രശാന്തിന് ഗുണംചെയ്തു എന്നതുറപ്പ്. ജാതിമതഭേദമന്യേ പ്രിയങ്കരനായ പ്രശാന്തിന് അനുകൂലമായിരുന്നു പുതുവോട്ടർമാരുടെയും മനസ്സ്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കവെ വട്ടിയൂർക്കാവിൽ നേടാൻ കഴിഞ്ഞ ജയം എൽ.ഡി.എഫ് മുന്നണിക്കും പിണറായി വിജയൻ സർക്കാറിനും ആത്മവിശ്വാസം പകരും. ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഐക്യമുന്നണിക്കാകട്ടെ, കഠിനാധ്വാനത്തിന്റെ നാളുകളാവും ഇനി മുന്നിലുള്ളത്.

Tags:    

രാഷ്ട്രീയകാര്യ ലേഖകന്‍ - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News