പക്ഷിപ്പനി: ചെയ്യേണ്ടതും ചെയ്യരുതാത്തതും
താഴെ പറയുന്ന മുൻകരുതൽ സ്വീകരിച്ചാൽ മനുഷ്യരിലേക്ക് പടരുന്നത് തടയാം
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ കോഴിഫാമുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണിത്. താഴെ പറയുന്ന മുൻകരുതൽ സ്വീകരിച്ചാൽ ഈ സാധ്യത ഒഴിവാക്കാം
ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും
1. ചത്തപക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
2. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക
5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.
7. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്
11. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
12. നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
ചെയ്തു കൂടാത്തത്
1. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
2. പകുതി വേവിച്ച മുട്ടകൾ കഴിക്കരുത് (ബുൾസ്ഐ പോലുള്ളവ)
3. പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.