കോട്ടയം താഴത്തങ്ങാടി കൊലപാതകം: ഷീബയുടെ ഭർത്താവ് സാലിയും മരിച്ചു
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുൾ സാലി ഇന്നലെ രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു സാലിയും ഭാര്യ ഷീബയും വീടിനുള്ളിൽ ആക്രമിക്കപ്പെട്ടത്.
കോട്ടയം താഴത്തങ്ങാടിയിൽ മോഷണത്തിനിടെ കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവും മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുൾ സാലി ഇന്നലെ രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു സാലിയും ഭാര്യ ഷീബയും വീടിനുള്ളിൽ ആക്രമിക്കപ്പെട്ടത്. കേസിൽ സമീപവാസിയായ മുഹമ്മദ് ബിലാൽ റിമാൻഡിലാണ്.
ജീവൻ നിലനിർത്താനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്. 40 ദിവസം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു സാലി. ടീപ്പോയ് ഉപയോഗിച്ച് തലയ്ക്കടിച്ചും, കൈകാലുകൾ ബന്ധിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കാൻ ശ്രമിച്ചുമായിരുന്നു അയൽവാസിയായ മുഹമ്മദ് ബിലാൽ സാലിയെയും ഭാര്യ ഷീബയെയും അക്രമിച്ചത്. ഷീബ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഷീബയുടെ ആഭരണങ്ങളും, കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന പണവും, കാറും ബിലാൽ മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാൻ പാചകവാതക സിലിണ്ടർ തുറന്നുവിട്ടു. തുടർന്ന് കാർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിലാൽ പിടിയിലായത്.സാലി കൂടി മരിച്ചതോടെ കേസ് ഇരട്ടക്കൊലപാതകമായിരിക്കുകയാണ്. സാലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയം താജ് ജുമാമസ്ജിദിൽ ഖബറടക്കും.
ചോദ്യം ചെയ്യലിനിടെ മുഹമ്മദ് ബിലാൽ കുറ്റസമ്മതം നടത്തിയിരുന്നു. തെളിവെടുപ്പിനിടെ മോഷണം പോയ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തി. റിമാൻഡിൽ കഴിയുന്ന ബിലാലിന് മാനസിക രോഗം ഉണ്ടായിരുന്നുവെന്ന ആരോപണത്തെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ കോട്ടയം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്.