അമ്മയ്ക്കായി താരാട്ട് പാടി ഒരു മകന്‍; മകനായി താരാട്ടുപാട്ടുകളെഴുതി ഒരമ്മ

അമ്മയെ കുറിച്ചുള്ള കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉണ്ണികൃഷ്ണന്‍ എഫ്ബിയില്‍ കുറിപ്പായി ഇട്ടുതുടങ്ങിയതോടെയാണ് ഈ അമ്മയെയും മകനെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് തുടങ്ങിയത്.

Update: 2020-11-06 08:29 GMT

കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ അമ്മമാര്‍ താരാട്ട് പാടിക്കൊടുക്കാറുണ്ട്... പേപ്പറുകളും പേനയും കൊടുക്കാറുണ്ട്... എന്നാലിതാ ഇവിടെയൊരു മകന്‍ അമ്മയെ അടക്കിയിരുത്താന്‍ പേപ്പറുകളും പേനയും കൊടുക്കുന്നു... താരാട്ട് പാടി കൊടുക്കുന്നു... തൃശൂര്‍ വലപ്പാട് സ്വദേശി ഉണ്ണികൃഷ്ണനും അമ്മ സുമതിയും ഇന്ന് സോഷ്യല്‍മീഡിയയുടെ അരുമകളാണ്.. അമ്മയെ കുറിച്ചുള്ള കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉണ്ണികൃഷ്ണന്‍ എഫ്ബിയില്‍ കുറിപ്പായി ഇട്ടുതുടങ്ങിയതോടെയാണ് ഈ അമ്മയെയും മകനെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് തുടങ്ങിയത്.

59 വയസ്സാണ് സുമതിക്ക്.. പ്രായമായപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ടതോ, മനസ്സിന്‍റെ താളം തെറ്റിയതോ അല്ല സുമതിയുടെ.. മൂത്ത മകള്‍ വിദ്യയെ പ്രസവിച്ചപ്പോള്‍ ഉണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനോടുകൂടിയായിരുന്നു തുടക്കം. ആ അവസ്ഥ താമസിയാതെ മാറിയെങ്കിലും ഉണ്ണികൃഷ്ണനെ പ്രസവിച്ചതോടെ വീണ്ടും സുമതിയുടെ മനസിന്‍റെ താളം തെറ്റിത്തുടങ്ങുകയായിരുന്നു... തനിക്ക് ഒരു പത്തുവയസ്സായതോടെ പൂര്‍ണമായും അമ്മയുടെ മനസ്സ് കൈവിട്ടുപോയി എന്ന് പറയുന്നു ഉണ്ണികൃഷ്ണന്‍.

Advertising
Advertising

മിടുക്കിയായിരുന്നു സുമതി. തൃശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് പ്രീഡിഗ്രി, നാട്ടിക എസ്.എന്‍ കോളേജില്‍ നിന്ന് ഫസ്റ്റ് ക്ലാസില്‍ ബിഎസ്‍സി ഫിസിക്‍സില്‍ ബിരുദം. 1985ലായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആദ്യമായി ആ നാട്ടില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു സുമതി. പക്ഷേ, പഠനം കഴിഞ്ഞ ഉടനെ തന്നെ വിവാഹം നടന്നു. താമസിയാതെ പൊലീസില്‍ ചേരാനുള്ള നിയമന ഉത്തരവ് ലഭിച്ചു, ഗര്‍ഭിണിയായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. തപാല്‍ വകുപ്പില്‍ നിന്നും വൈദ്യുതി വകുപ്പില്‍ നിന്നും നിയമന ഉത്തരവ് ലഭിച്ചപ്പോഴേക്കും ഉണ്ണികൃഷ്ണനും ജനിച്ചിരുന്നു. കിട്ടിയ ജോലികളെല്ലാം അങ്ങനെ നഷ്ടമായി. ക്രമേണ സുമതിയുടെ മനസ്സും കൈവിട്ട് തുടങ്ങുകയായിരുന്നു. പക്ഷേ പഠിച്ച അക്ഷരങ്ങളൊന്നും സുമതി മറന്നിരുന്നില്ല.

ഉണ്ണിക്കൃഷ്ണൻ ഷെയർ ചെയ്ത അമ്മയുടെ ചിത്രങ്ങൾ കണ്ടാണ് ഞാൻ ഉണ്ണിയോട് മിണ്ടിത്തുടങ്ങിയത്.. പഠിച്ചത്...

Posted by Deepa Nisanth on Wednesday, October 23, 2019

കഴിഞ്ഞവര്‍ഷം ദീപാ നിശാന്ത് ഉണ്ണികൃഷ്ണന്‍റെ അമ്മയെകുറിച്ച് ഇട്ട പോസ്റ്റ്

രാത്രി കാലങ്ങളിലൊക്കെ ഉറക്കെ സംസാരിക്കാനൊക്കെ തുടങ്ങിയ അമ്മയ്ക്ക് ഉറങ്ങാന്‍ വേണ്ടി വെറുതെ പാട്ടുവെച്ചു കൊടുക്കുകയായിരുന്നു ഈ മകന്‍.. പാട്ടു കേള്‍ക്കുന്നതോടെ അമ്മ ശാന്തയാകുന്നുവെന്നും പതിയെ താളം പിടിക്കുന്നുവെന്നും മനസ്സിലായപ്പോള്‍ ഉണ്ണികൃഷ്ണന്‍ അമ്മയ്ക്കായി എന്നും പാട്ടുവെച്ചുകൊടുക്കാന്‍ തുടങ്ങി. അക്ഷരങ്ങളെ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ഒരു പുസ്തകവും പേനയും കൊടുത്തു.. ഒരു പാട്ടുവെച്ചാല്‍ അമ്മയെനിക്കത് കേട്ട് എഴുതി തരാമോ എന്ന് സ്നേഹത്തോടെ ചോദിച്ചു... അങ്ങനെ ആ അമ്മ എഴുതി തുടങ്ങുകയായിരുന്നു.

എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്‍. എഐഎസ്എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമാണ്. സഹോദരി വിദ്യ കെഎസ്ഇബിയില്‍ താത്കാലിക ജീവനക്കാരിയാണ്. അച്ഛന്‍ സുധാകരന്‍ സൈക്കിള്‍ റിപ്പയറിംഗ് തൊഴിലാളിയാണ്.

Tags:    

Similar News