'പ്രശ്നങ്ങളൊന്നുമില്ല, വിളിച്ചതില്‍ ഒരുപാട് സമാധാനം'; സിദ്ദീഖ് കാപ്പന് ഭാര്യയുമായും കുട്ടികളുമായും സംസാരിക്കാന്‍ അവസരം ലഭിച്ചു

പത്ത് മിനുറ്റോളം സമയമാണ് കാപ്പന് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്

Update: 2021-07-17 18:58 GMT
Advertising

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന് ഭാര്യയുമായും മക്കളുമായും സംസാരിക്കാന്‍ അനുമതി ലഭിച്ചു. പത്ത് മിനുറ്റോളം സമയമാണ് കാപ്പന് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. ജയില്‍ സൂപ്രണ്ടിന്‍റെ ഫോണില്‍ നിന്നാണ് ഭര്‍ത്താവ് സിദ്ദീഖ് കാപ്പന്‍ വിളിച്ചതെന്നും വിളിച്ചതില്‍ ഒരുപാട് സമാധാനം തോന്നിയതായി ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞു. ജയിലില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും നല്ല രീതിയില്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ പെരുമാറുന്നതെന്നും റൈഹാന പറഞ്ഞു. മക്കളോട് പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതായി സിദ്ദീഖ് കാപ്പന്‍ പറഞ്ഞതായും ഭാര്യ റൈഹാന പറഞ്ഞു. 55 ദിവസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത്.

നേരത്തെ അഭിഭാഷകന്‍ അഡ്വ.വിൽസ് മാത്യുസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അഞ്ചുമിനിറ്റോളമാണ് വക്കീലുമായി അന്ന് സംസാരിക്കാന്‍ സിദ്ദീഖ് കാപ്പന് അവസരം ലഭിച്ചത്. സിദ്ദീഖ് കാപ്പന്‍റെ അറസ്റ്റ് സമയം തെറ്റായി രേഖപ്പെടുത്തിയെന്നും രാവിലെ 10.20 ന് അറസ്റ്റിലായിട്ടും വൈകീട്ട് നാല് മണിയെന്ന് രേഖപ്പെടുത്തിയെന്നും അഭിഭാഷകന്‍ വില്‍സ് മാത്യു പറഞ്ഞു. ഇക്കാര്യം സിദ്ദീഖ് കാപ്പന്‍ പറഞ്ഞതായും അഡ്വ. വില്‍സ് മീഡിയാവണിനോട് പറഞ്ഞു. നേരത്തെ പാര്‍പ്പിച്ചിരുന്ന സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ജയിലിലേക്ക് മാറ്റിയതായും വക്കീല്‍ പറഞ്ഞു. വരുന്ന ഡിസംബര്‍ ഒന്നിനാണ് കെ.യു.ഡബ്ല്യു.ജെയുടെ ഹരജിയില്‍ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുക.

Tags:    

By - ഇജാസുല്‍ ഹഖ്

contributor

Similar News