പ്രവര്‍ത്തനം മന്ദീഭവിച്ചു: ശോഭക്കായി ആര്‍.എസ്.എസ്. ഇടപെടുന്നു

കഴക്കൂട്ടത്ത് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ്. ഇടപെടുന്നു. പ്രവര്‍ത്തനം മന്ദീഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.

Update: 2021-03-21 01:19 GMT

കഴക്കൂട്ടത്ത് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ്. ഇടപെടുന്നു. പ്രവര്‍ത്തനം മന്ദീഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കഴിഞ്ഞ ദിവസം ആര്‍.എസ്. എസ്. നേതാവെത്തി പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാകരുതെന്ന് ബി.ജെ.പി മണ്ഡലം ഭാരവാഹികള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

സംസ്ഥാന ഘടകത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ തള്ളിയാണ് കേന്ദ്രം ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥിയായ ശേഷം മണ്ഡലത്തില്‍ ആദ്യമായി എത്തിയ ശോഭക്ക് വരവേല്‍പ്പൊക്കെ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. എന്നാല്‍ ആദ്യ ദിവസത്തെ ആവേശം പതിയെ കെട്ടടങ്ങിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന പരാതി. ശോഭ, എത്തി ദിവസങ്ങളായിട്ടും ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഒരു തവണ പോലും സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ ഉള്‍വലിഞ്ഞതോടെയാണ് ആര്‍.എസ്.എസ്. ഇടപെട്ടതും താക്കീത് നല്‍കിയതും.

Advertising
Advertising

കഴിഞ്ഞ ദിവസം മണ്ഡലം അധ്യക്ഷന്‍ ആര്‍.എസ്. രാജീവിനെ കണ്ട ആര്‍.എസ്.എസ് നേതാക്കൾ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറാനായി അമിത് ഷാ നിയോഗിച്ച സംഘവും കഴക്കൂട്ടത്ത് തമ്പടിച്ചിട്ടുണ്ട്. ആർ.എസ്.എസ്. ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രി വി.മുരളീധരൻ കഴക്കൂട്ടത്ത് ശോഭക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതും ശ്രദ്ധേയമായി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രചാരണത്തിനായി കഴക്കൂട്ടത്തേക്ക് വരില്ലെന്ന വാര്‍ത്തയും വരുന്നുണ്ട്. ശോഭാ സുരേന്ദ്രനുമായി അടുത്ത കാലത്തൊന്നും സംസ്ഥാന നേതൃത്വം അടുക്കില്ലെന്ന സൂചനകള്‍ തന്നെയാണ് കാണുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ശോഭാ സുരേന്ദ്രന്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരി മഠാധിപതി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ചയും നടത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News