ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Update: 2021-03-24 08:52 GMT
Advertising

ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേഹ്തയാണ് കോടതിയിൽ ഹാജരായത്. ഇ.ഡിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് സോളിസിറ്റര്‍ ജനറൽ കോടതിയിൽ വാദിച്ചു. മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും നല്‍കിയതെന്തിനെന്ന് കോടതി എന്‍ഫോഴ്സ്മെന്‍റിനോട് ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസ്. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വപ്നയുടേതായി പുറത്ത് വന്ന സംഭാഷണത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കാന്‍ 20-11-2020നാണ് ഇ.ഡി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.ഈ അന്വേഷണത്തിലാണ് ഇ.ഡിക്കെതിരെ ചില വനിത ഉദ്യോഗസ്ഥര്‍ സാക്ഷിമൊഴികൾ നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സ്വപ്നക്ക് മേല്‍ സമ്മർദ്ദം ചെലുത്തിയെന്നും അങ്ങനെ മൊഴി നല്‍കിയാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം നല്‍കുന്നത് കേട്ടു എന്നുമായിരുന്നു മൊഴി.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുക്കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനും ഇതിന് പിന്നിലെ ഗൂഢാലോചനയ്ക്കും കേസെടുക്കാമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വനിതാ ഉദ്യോഗസ്ഥരുടെ മൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വ്യാജ മൊഴി നല്‍കിയതിന് വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News