കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമം: സംഘ്പരിവാർ നടപടി അപലപനീയമെന്ന് ജമാഅത്ത് അമീര്‍

'മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിരിക്കെ, ആചാരപ്രകാരമുള്ള വസ്ത്രം അഴിപ്പിച്ച പോലിസ് നടപടി ശക്തമായ പ്രതിഷേധമർഹിക്കുന്നു'

Update: 2021-03-24 10:46 GMT

ഉത്തർപ്രദേശിൽ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ പിന്തുടർന്ന് ആക്രമിച്ച സംഘ്പരിവാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്ത് ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്.

അക്രമികളെ സംരക്ഷിക്കുന്ന സ്വഭാവത്തിൽ യു.പി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിയും അംഗീകരിക്കാനാവില്ല. സംഘ്പരിവാർ മതന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന വംശീയ വിദ്വേഷ പ്രചാരണവും ആക്രമണവും തുടരുകയാണ്. മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിരിക്കെ, ആചാരപ്രകാരമുള്ള വസ്ത്രം അഴിപ്പിച്ച പോലിസ് നടപടി ശക്തമായ പ്രതിഷേധമർഹിക്കുന്നു. സംഘ്പരിവാർ കാലത്ത് രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ന്യൂനപക്ഷ, ദലിത് പിന്നാക്ക വിഭാഗങ്ങളും മത നിരപേക്ഷ കക്ഷികളും ഒന്നിച്ചണിനിരക്കേണ്ട അനിവാര്യത ഓർമിപ്പിക്കുകയാണ് ഉത്തർപ്രദേശ് സംഭവവും- അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

മാർച്ച് 19ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ആയിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News