"ലയിക്കേണ്ടത് സി.പി.എമ്മും ബി.ജെ.പിയും"; പ്രധാനമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Update: 2021-04-02 16:30 GMT

ഇത്തവണ തെരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി 'ഡീല്‍' ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍.എസ്.എസിന്‍റെ നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്ക് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് ലയിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Advertising
Advertising

ശക്തമായ സാക്ഷിമൊഴികളുണ്ടായിട്ടും സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അര്‍ഹമായത് എന്തുകൊണ്ടാണ് നല്‍കാത്തതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യു.ഡി.എഫും എൽ.ഡി.എഫും ഇരട്ട സഹോദരന്മാരാണെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്. ദുർഭരണം, അക്രമം, അഴിമതി, ജാതി, വർഗീയത, പ്രീണനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഇടതും വലതും ഒരുപോലെയാണ്. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ലയിച്ച് കോമറേഡ്- കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പരാമര്‍ശം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News