രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2021-04-06 13:41 GMT

പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മർദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തൽ.

ലൈംഗിക പീഡനത്തിനുപുറമെ ക്രൂരമായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ അറുപതോളം മുറിവുകളാണ് കണ്ടെത്തിയത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ 23കാരനായ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപാനിയായ ഇയാളുടെ മര്‍ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് മര്‍ദനമേറ്റതെന്നും സമീപവാസികള്‍ വ്യക്തമാക്കിയിരുന്നു.

തമിഴ്നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്. ദേഹമാസകലം മുറിവുകളുമായി അബോധാവസ്ഥയിലാണ് കുട്ടിയെ ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കു ശേഷം കുട്ടിയുടെ മൃതദേഹം നാളെ കുമ്പഴയിലെത്തിക്കും.

Full View
Tags:    

Similar News