കണ്ണൂരിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.
Update: 2025-06-08 15:16 GMT
കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് ഒരു വിദ്യാർഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയും മുങ്ങി മരിച്ചിരുന്നു. ബീച്ചിനോട് ചേർന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
പയ്യാവൂർ കൊയിപ്രയിലാണ് മറ്റൊരു കുട്ടി മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥി അലീന (14) ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.