ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത; ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു
റിയയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വളയുമായി ബിബിൻ സ്റ്റേഷനിലെത്തിയത്
Update: 2025-12-11 12:11 GMT
കോട്ടയം: കളഞ്ഞുകിട്ടിയ ഒന്നരലക്ഷം രൂപയുടെ ഡയമണ്ട് വള തിരികെ നൽകി ചുമട്ട് തൊഴിലാളി. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥാണ് സത്യസന്ധത കാണിച്ച് മാതൃകയായത്. മുണ്ടക്കയം ടൗണിൽ വെച്ചാണ് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ വള നഷ്ടപ്പെട്ടത്.
വള ലഭിച്ച ബിബിൻ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. റിയയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വളയുമായി ബിബിൻ സ്റ്റേഷനിലെത്തിയത്. എസ്‌ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. ഒന്നരലക്ഷം രൂപ മൂല്യമുള്ള വള പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിനെ പൊലീസ് അഭിനന്ദിച്ചു.