Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ പത്തനംതിട്ട ഗവിയിലേക്ക് പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയിൽ കുടുങ്ങി. കൊല്ലം ചടയമംഗലത്ത് നിന്നും യാത്ര പോയവരാണ് മൂഴിയാർ വനത്തിൽ കുടുങ്ങിയത്. സംഭവം വിവാദമായതോടെ യാത്രക്കാരെ തിരികെ എത്തിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി.
ഇന്ന് പുലർച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് 11.30ഓടെ മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്. പത്തനംതിട്ട ഡിപ്പോയിൽ പലതവണ വിളിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി. പ്രായമായവരും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഭക്ഷണവും വെള്ളവും പ്രാഥമികാവശ്യസൗകര്യങ്ങളും ലഭിക്കാതെ നാലുമണിക്കൂറോളം കാടിനുള്ളിൽ കുടുങ്ങിയത്. കനത്ത മൂടൽമഞ്ഞും മഴയും ആശങ്ക വർദ്ധിപ്പിച്ചു. യാത്രക്കാരെ തിരികെയെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുവരുമെന്നും തകരാറായ വിവരം കിട്ടിയപ്പോൾ തന്നെ 12.10ന് പകരം ബസ് അയച്ചിരുന്നുവെന്നും പത്തനംതിട്ട കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം.ജി പറഞ്ഞു. മെക്കാനിക് ഉൾപ്പെടെയാണ് പോയിരിക്കുന്നത്. തകരാർ പരിഹരിക്കും. രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.