ചെർപ്പുളശ്ശേരി അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് വൻ തട്ടിപ്പ്; പറ്റിക്കപ്പെട്ടത് നിരവധി പേർ

ഇരകളുടെ അക്കൗണ്ടിൽ വരുന്ന വായ്പാ തുക ഇവരുടെ അനുവാദമില്ലാതെയാണ് മറ്റ് അക്കൗണ്ടുകളിലേക്ക് ബാങ്ക് അധികൃതർ മാറ്റുന്നത്

Update: 2024-10-04 02:20 GMT

തൃശൂർ: ചെർപ്പുളശ്ശേരി അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിലെ തട്ടിപ്പിന് ഇരയായവർ ഓരോരുത്തരായി ഇപ്പോൾ രംഗത്തെത്തുകയാണ്. സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള വായ്പക്ക് അപേക്ഷിച്ചവരാണ് ഇങ്ങനെ ഇരയായവരിൽ ഒരു വിഭാഗം. സോളാർ പാനൽ സ്ഥാപിക്കാതെ തന്നെ ഇവരുടെ പേരുകളിൽ മൂന്നുലക്ഷം രൂപ വരെ വായ്പ ആണ് പാസാക്കിയത്. ഇതിൽ പലരും ഒരു കാരണവുമില്ലാതെ വലിയൊരു തുക തിരിച്ചടയ്ക്കേണ്ടിയും വന്നു.

ഇങ്ങനെ തട്ടിപ്പിനിരയായവരിൽ ഒരാളാണ് അബ്ബാസ് എന്ന വ്യക്തി. ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും വീട്ടിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള വായ്പയ്ക്കായി അബ്ബാസ് അപേക്ഷിച്ചു. എന്നാൽ പിന്നീട് ഇതിൽ മറ്റ് നടപടികൾ ഒന്നുമുണ്ടായില്ല. സോളാർ പാനൽ സ്ഥാപിച്ചുമില്ല. എന്നാൽ അബ്ബാസ് പോലും അറിയാതെ അദ്ദേഹത്തിൻറെ പേരിൽ മൂന്നു ലക്ഷം രൂപ പാസായിട്ടുണ്ടായിരുന്നു. ഇതിൻ്റെ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കിൽ നിന്നും നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം അറിയുന്നത്. ഇത് അബ്ബാസിൻ്റെ മാത്രം വിഷയമല്ല, നിരവധി പേരാണ് ബാങ്ക് മുഖേന ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുള്ളത്.

Advertising
Advertising

പ്രദേശവാസിയായ സിദ്ദീഖും സമാനമായി സോളാർ പാനൽ ഘടിപ്പിക്കുന്നതിന്റെ വായ്പക്ക് അപേക്ഷിച്ചിരുന്നു. മൂന്നുലക്ഷം രൂപയുടെ വായ്പയിൽ പകുതി അടച്ചുതീർത്താൽ സോളാർ ഘടിപ്പിക്കും എന്നായിരുന്നു ബാങ്കിന്റെ വാഗ്ദാനം. ഇങ്ങനെ വലിയൊരു തുക സിദ്ദീഖ് ബാങ്കിലേക്ക് ഘഡുക്കളായി അടച്ചു. എന്നാൽ ബാങ്കിൽ നിന്നും ഒരാൾ പോലും വീട്ടിലേക്ക് വന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിൽ അകപ്പെട്ട വിവരം അറിഞ്ഞത്. ഇപ്പോഴും രണ്ടു ലക്ഷത്തിലധികം രൂപ സിദ്ദീഖിന്റെ പേരിൽ ബാങ്കിൽ അടച്ചു തീർക്കാനുണ്ട്.

ഇരകളുടെ അക്കൗണ്ടിൽ വരുന്ന വായ്പ തുക ഇവരുടെ അനുവാദമില്ലാതെയാണ് മറ്റ് അക്കൗണ്ടുകളിലേക്ക് ബാങ്ക് അധികൃതർ മാറ്റുന്നത്. സോളാർ ഘടിപ്പിക്കുന്ന കമ്പനിക്കാണ് തുക നൽകിയത് എന്നാണ് ബാങ്കിന്റെ വാദം. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഇല്ല. ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് അർബൻ ബാങ്കിൽ നടന്ന തട്ടിപ്പുകളുടെ ഒരു ഭാഗം മാത്രമാണിത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News