കൊച്ചി മെട്രോ പാളത്തില്‍ നേരിയ അകൽച്ച കണ്ടെത്തി

ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു

Update: 2022-02-17 07:00 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി മെട്രോയുടെ പാളത്തിൽ നേരിയ അകൽച്ച കണ്ടെത്തി. ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347ാം നമ്പർ തൂണിന് മുകളിലായാണ് പ്രശ്നം കണ്ടെത്തിയത്. കെ.എം.ആർ.എൽ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു.

രണ്ടാഴ്ച മുന്‍പ് നടത്തിയ സാധാരണ പരിശോധനയിലാണ് പാളവും കോണ്‍ക്രീറ്റും ചേരുന്ന ഭാഗത്ത് അകല്‍ച്ച കണ്ടത്. തൂണിന് ചെരിവുണ്ടായതു കൊണ്ടാണോ വയഡക്ട് ഭാഗം അകന്നതെന്ന ആശങ്കയിലായിരുന്നു കെ.എം.ആര്‍.എല്‍ അധികൃതര്‍. ഇത് പരിശോധിക്കാനായി പ്രത്യേക യന്ത്രം കൊണ്ടുവന്ന് തൂണിന്‍റെ അടിത്തറ പരിശോധിച്ചു. തൂണിന് ചുറ്റുമുള്ള മണ്ണ് മാറ്റി നടത്തിയ പരിശോധനയില്‍ തൂണിന് ബലക്ഷയം ഇല്ലെന്നാണ് കണ്ടെത്തല്‍. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകള്‍ക്ക് തേയ്മാനം ഉണ്ടോ എന്നും പരിശോധിക്കും. പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ ഈ ഭാഗത്ത് മെട്രോയുടെ വേഗത കുറച്ചു. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മെട്രോയുടെ വേഗത 20 കിലോമീറ്ററായാണ് കുറച്ചത്. ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ടവരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മിച്ചത്. തകരാര്‍ ഡി.എം.ആര്‍.സിയെ അറിയിച്ചിട്ടുണ്ട്.

Advertising
Advertising

കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്‍റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News