Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം പാലായിൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു.
യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. KL 06 J 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്. പാലായിൽ കൊട്ടാരമറ്റം മുതൽ പുലിയന്നൂർ ജംഗ്ഷൻവരെ വാഹന ഗതാഗതം രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതൽ പൂർണ്ണമായും തടസ്സപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഒരു ബൈക്കിൽ മൂന്നു യുവാക്കൾ പൊലീസ് വലയം ഭേദിച്ച് യാത്ര നടത്തിയത്.
രാഷ്ട്രപതി ചടങ്ങിൽ പങ്കെടുത്ത് യാത്ര തിരിക്കുംമുമ്പായിരുന്നു സംഭവം. കൊട്ടാരമറ്റം ആർവി ജംഗ്ഷൻ ഭാഗത്തു നിന്നിരുന്ന പൊലീസിനെ വകവയ്ക്കാതെ കടന്നു വന്ന ബൈക്ക് യാത്രികർ കടപ്പാട്ടൂർ നിന്ന പൊലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടക്കുന്ന സെൻ്റ് തോമസ് ഭാഗത്തേയ്ക്ക് ഓടിച്ചു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് സെൻ്റ് തോമസ് കോളജിനു മുന്നിലൂടെ പോയ ബൈക്ക് യാത്രികരെ തടയാൻ ശ്രമിച്ച പൊലീസുകാരെയും വെട്ടിച്ച് കോട്ടയം ഭാഗത്തേയ്ക്ക് പാഞ്ഞു പോകുകയായിരുന്നു.