വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്

Update: 2023-12-09 15:49 GMT

പ്രതീകാത്മക ചിത്രം

Advertising

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി വാകേരിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. പുല്ല് അരിയാൻ പോയപ്പോൾ വയലിൽ വെച്ച് ഇദ്ദേഹത്തെ കടുവ ആക്രമിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചുവരാതിരുന്നതിനാൽ സഹേദരൻ അന്വേഷിച്ചു പോയപ്പോഴാണ് മൃതദേഹം കണ്ടത്.

Full View

ശരീരം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് വനപാലകരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് കടുവയുടെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. ഏറെ നാളായി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് വന്യമൃഗങ്ങളെ കടുവ ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ തോതിലുള്ള പ്രതിഷേധവും ഇതേതുടർന്ന് ഇവിടെയുണ്ടായിരുന്നു. ആറ് വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകാനും തീരുമാനമായി. 

മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിംഗ് സ്ഥാപിക്കും. ഡിഎഫ്ഒ ഷജ്ന കരീം,ഐസി ബാലകൃഷ്ണൻ എംഎൽഎ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ധാരണയായത്. കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News