'മനുഷ്യനാകാൻ കഴിയാത്ത ഫ്യൂഡൽ മാടമ്പിമാരെക്കുറിച്ച് ആരോടാണ് പരാതിപ്പെടേണ്ടത്'; മദ്രാസ് ഐ.ഐ.ടിയിലെ ജാതി വിവേചനത്തില്‍ അബ്ദുറബ്ബ്

പിന്നാക്ക ജാതിക്കാരനായ മലയാളി പ്രൊഫസർ വിപിൻ പുതിയേടത്ത് ജാതിവിവേചനത്തിന്‍റെ ഏറ്റവും അവസാനത്തെ ഇരയാണെന്ന് അബ്ദുറബ്ബ്

Update: 2021-07-02 12:06 GMT
Editor : ijas
Advertising

മദ്രാസ് ഐ.ഐ.ടിയില്‍ കടുത്ത ജാതിവിവേചനം നേരിടുന്നതായി ആരോപിച്ച് മലയാളി പ്രൊഫസര്‍ രാജിവെക്കേണ്ടി വന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. അക്കാദമിക രംഗത്തെ സവർണ്ണ ഫ്യൂഡൽ മാടമ്പിത്തരത്തിന് ഇന്ത്യയിൽ തന്നെ പേരു കേട്ട ഒരിടമായി ചെന്നൈ ഐ.ഐ.ടി മാറിയിരിക്കുന്നതായും പിന്നാക്ക ജാതിക്കാരനായ മലയാളി പ്രൊഫസർ വിപിൻ പുതിയേടത്ത് ജാതിവിവേചനത്തിന്‍റെ ഏറ്റവും അവസാനത്തെ ഇരയാണെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഐ.ഐ.ടിയിൽ തന്നെ അധ്യാപകരുടെ മാനസിക പീഢനം മൂലം കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കു നേടിയിരുന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം മൂലമാണെന്ന് അന്ന് കുറിപ്പും ലഭിച്ചിരുന്നു. എസ്.സി, ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും, അധ്യാപകരും ചെന്നൈ ഐ.ഐ.ടിയിൽ മതപരമായും ജാതിപരമായും വിവേചനങ്ങൾക്കും, മാനസിക പീഢനങ്ങൾക്കും ഇരയാകുന്നതായുള്ള തുടർച്ചയായ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയും, നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും നാം നേടിയെടുത്ത മാനവിക മൂല്യങ്ങളാണ് ഒരു പറ്റം സവർണ്ണ അക്കാദമീഷ്യൻമാരുടെ ജാതിവെറിയിൽ തകർന്നടിയുന്നതെന്നും മനുഷ്യനാകാൻ മാത്രം വികാസം പ്രാപിക്കാൻ കഴിയാത്ത ഫ്യൂഡൽ മാടമ്പിമാരെക്കുറിച്ച് ആരോടാണ് നാം പരാതിപ്പെടേണ്ടത്, ഗർഭസ്ഥ ശിശുവിനെ ത്രിശൂലത്തിൽ കുത്തിയെടുത്തവരോടോയെന്നും അബ്ദുറബ്ബ് കുറിപ്പില്‍ ചോദിച്ചു.

ഒരു സമൂഹത്തെ ഇല്ലാതാക്കാൻ എളുപ്പമാർഗ്ഗം വിദ്യാഭ്യാസപരമായി അവരെ ശൂന്യരാക്കുക എന്നതാണെന്നും അക്കാദമിക രംഗത്തെ സവർണ്ണ മാടമ്പികളും, സംഘപരിവാറും ചേർന്ന് ധൃതികൂട്ടുന്നത് ഈ അരികുവത്ക്കരണത്തിനും അപരവത്ക്കരണത്തിനുമാണെന്നും അബ്ദുറബ്ബ് പറഞ്ഞു.

ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ പി വിപിന്‍ കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ജോലി രാജിവെച്ചത്. ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഇതു കാരണമാണ് രാജിവെക്കുന്നതെന്നും വിപിന്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടതെന്നും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.

പി.കെ അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അക്കാദമിക രംഗത്തെ സവർണ്ണ ഫ്യൂഡൽ മാടമ്പിത്തരത്തിന് ഇന്ത്യയിൽ തന്നെ പേരു കേട്ട ഒരിടമായി ചെന്നൈ ഐ.ഐ.ടി മാറിയിരിക്കുന്നു. പിന്നാക്ക ജാതിക്കാരനായ മലയാളി പ്രൊഫസർ വിപിൻ പുതിയേടത്താണ് ഐ.ഐ.ടിക്കുള്ളിലെ ജാതിവിവേചനത്തിൻ്റെ ഏറ്റവും അവസാനത്തെ ഇര. കടുത്ത മാനസിക പീഢനം മൂലം പ്രൊഫസർ വിപിന് ജോലിയിൽ നിന്നും രാജിവെക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഐ.ഐ.ടിയിൽ തന്നെ അധ്യാപകരുടെ മാനസിക പീഢനം മൂലം കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കു നേടിയിരുന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം മൂലമാണെന്ന് അന്ന് കുറിപ്പും ലഭിച്ചിരുന്നു. എസ്.സി. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും, അധ്യാപകരും വരെ ചെന്നൈ ഐ.ഐ.ടിയിൽ മതപരമായും ജാതിപരമായും വിവേചനങ്ങൾക്കും, മാനസിക പീഢനങ്ങൾക്കും ഇരയാകുന്നതായുള്ള തുടർച്ചയായ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയും, നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും നാം നേടിയെടുത്ത മാനവിക മൂല്യങ്ങളാണ് ഒരു പറ്റം സവർണ്ണ അക്കാദമീഷ്യൻമാരുടെ ജാതിവെറിയിൽ തകർന്നടിയുന്നത്. മനുഷ്യനാകാൻ മാത്രം വികാസം പ്രാപിക്കാൻ കഴിയാത്ത ഫ്യൂഡൽ മാടമ്പിമാരെക്കുറിച്ച് ആരോടാണ് നാം പരാതിപ്പെടേണ്ടത്, ഗർഭസ്ഥ ശിശുവിനെ ത്രിശൂലത്തിൽ കുത്തിയെടുത്തവരോടോ...!

ചാതുർ വർണ്യത്തിന്റെ ആത്മാവായ മനുസ്മൃതി മഹത്തായ നമ്മുടെ ഭരണഘടനക്ക് പകരം വെക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ഈ കെട്ട കാലത്ത് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ മാനുഷികതയുടെ അടിത്തറ തന്നെ ഇക്കൂട്ടർ ഭസ്മമാക്കുമെന്ന് മറക്കരുത്. ഒരു സമൂഹത്തെ ഇല്ലാതാക്കാൻ എളുപ്പമാർഗ്ഗം വിദ്യാഭ്യാസപരമായി അവരെ ശൂന്യരാക്കുക എന്നതാണ്. അക്കാദമിക രംഗത്തെ സവർണ്ണ മാടമ്പികളും, സംഘപരിവാറും ചേർന്ന് ധൃതികൂട്ടുന്നത് ഈ അരികുവത്ക്കരണത്തിനും അപരവത്ക്കരണത്തിനുമാണ്. 

Tags:    

Editor - ijas

contributor

Similar News