ജന്മനാട്ടിൽ കഴിയാൻ സുപ്രിംകോടതി അനുമതി: അബ്ദുന്നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും
ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി
കൊച്ചി: കേരളത്തിൽ കഴിയാൻ സുപ്രിംകോടതി അനുമതി നൽകിയതോടെ പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനിയ്ക്ക് സ്വന്തം നാട്ടിൽ കഴിയാനാകുന്നത്.
ഉച്ചയോടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്താണ് മഅ്ദനിയെത്തുക. പിന്നീട് റോഡുമാർഗം അൻവാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു. നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.
PDP Chairman Abdunassar Madani will arrive in Kerala today as the Supreme Court has given him permission to stay in Kerala