ഇനി ചരിത്രം; എംജിഎസ് വിടവാങ്ങുന്നത് ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തി

പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു

Update: 2025-04-26 05:46 GMT
Editor : rishad | By : Web Desk

കോഴിക്കോട്: ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയാണ് എം.ജി.എസ് നാരായണന്‍ വിടവാങ്ങുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം ശ്രദ്ധേയം.

എഴുത്തുകാരനായും അധ്യാപകനായും തിളങ്ങിയ അദ്ദേഹത്തിന്റെ ശൈലി തന്നെ വേറിട്ടാതായിരുന്നു. കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു

Advertising
Advertising

തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങള്‍ക്കും ഒരുകൂട്ടം തെളിവുകള്‍ നല്‍കിക്കൊണ്ട് സാധൂകരണം നല്‍കുന്ന അദ്ദേഹത്തിന്റെ രചനാശൈലി പില്‍ക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. യുവഗവേഷകരെ വാര്‍ത്തെടുക്കുന്നതിലും അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു. 

ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയ്ക്കും ഗവേഷണത്തിനും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി. തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കാറുമില്ല.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News