'സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നിൽനിന്നത് മലയാളി വിദ്യാർത്ഥികൾ'; പ്രതിരോധമൊരുക്കാൻ കേരളത്തിൽനിന്ന് കേന്ദ്ര സർവകലാശാലകളിലേക്ക് എ.ബി.വി.പി 'റിക്രൂട്ട്മെന്‍റ്'

''ചില സാമുദായിക സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിലൂടെ ദേശവിരുദ്ധ നിലപാടുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ ദേശീയബോധമുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലെത്തിക്കാനുള്ള പരിശ്രമം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.ബി.വി.പി നടത്തിവരുന്നുണ്ട്.'' ഭാരതീയ വിദ്യാനികേതന് അയച്ച കത്തിൽ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി

Update: 2022-04-20 12:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംഘ്പരിവാർ അനുഭാവികളെ കൂട്ടത്തോടെ എത്തിച്ച് കേന്ദ്ര സർവകലാശാലകൾ പിടിച്ചടക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിദ്യാർത്ഥി റിക്രൂട്ട്‌മെന്റുമായി എ.ബി.വി.പി. കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ സഹായം തേടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചിരിക്കുകയാണ് സംഘം. ഭാരതീയ വിദ്യാനികേതനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പദ്ധതിയുമായി സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നികേതൻ സംസ്ഥാന പൊതുകാര്യദർശി സുന്ദരേശൻ ഉണ്ണിക്ക് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി അയച്ച കത്താണ് പുറത്തായിരിക്കുന്നത്.

ചില സാമുദായിക സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിലൂടെ ദേശവിരുദ്ധ നിലപാടുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിന്റെ പരിണിതഫലങ്ങളാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭസമയത്ത് നാം കണ്ടത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് മുൻനിരയിൽ നിന്നത് കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ, ദേശീയബോധമുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലെത്തിക്കാനുള്ള പരിശ്രമം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.ബി.വി.പി നടത്തിവരുന്നുണ്ട്-കത്തിൽ പറയുന്നു.

നിലവിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങൡലൂടെ കൂടുതൽ വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാനാണ് എ.ബി.വി.പിയുടെ തീരുമാനമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയ്ക്ക് സഹായകമാവും വിധത്തിൽ വിദഗ്ധരുടെ സഹായത്തോടെയുള്ള ഓൺലൈൻ ക്ലാസുകൾ മേയ് മാസം മുതൽ ആരംഭിക്കും. ഭാരതീയ വിദ്യാനികേതനു കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാർത്ഥികളെ പരിപാടിയുടെ ഭാഗമാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂർണരൂപം

രാജ്യത്തെ എല്ലാ സർവകലാശാലകളിലേക്കും ഡൽഹി യൂനിവേഴ്‌സിറ്റി, ജെ.എൻ.യു, ജാമിഅ മില്ലയ്യ തുടങ്ങിയ സർവകലാശാലകളിലേക്കുമുള്ള ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ഈ വർഷം മുതൽ സെൻട്രൽ യൂനിവേഴ്‌സിറ്റീസ് എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി) എന്ന ഏകജാലക സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 13 വിവിധ ഭാഷകളിലായി രാജ്യത്തെമ്പാടുമുള്ള 154 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. അതിനായുള്ള രജിസ്‌ട്രേഷൻ 2022 ഏപ്രിൽ ആറു മുതൽ ആരംഭിച്ചുകഴിഞ്ഞു. മേയ് ആറ് വൈകീട്ട് അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ജുലൈ ഒന്നാമത്തെയും രണ്ടാമത്തെയും ആഴ്ചകളിലായി പരീക്ഷ നടക്കും.

കേരളത്തിൽനിന്ന് ദേശീയോന്മുഖമായി ചിന്തിക്കുന്ന വിദ്യാർത്ഥി സമൂഹം, കേന്ദ്ര സർവകലാശാലകളിൽ എത്തിച്ചേരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചില സാമുദായിക സംഘടനകളുടെ ബോധപൂർവവും ആസൂത്രിതവുമായ നീക്കത്തിലൂടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ദേശവിരുദ്ധ നിലപാടുകളുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിന്റെ പരിണിതഫലങ്ങളാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭസമയത്ത് നാം കണ്ടത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് മുൻനിരയിൽ നിന്നത് കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളായിരുന്നു.


ഇത്തരമൊരു പശ്ചാത്തലത്തിൽ, ദേശീയബോധമുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലെത്തിക്കാനുള്ള പരിശ്രമം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.ബി.വി.പി നടത്തിവരുന്നുണ്ട്. നിലവിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങൡലൂടെ കൂടുതൽ വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാനാണ് എ.ബി.വി.പിയുടെ തീരുമാനം. പ്രവേശന പരീക്ഷയ്ക്ക് സഹായകമാവുംവിധത്തിൽ വിദഗ്ധരുടെ സഹായത്തോടെയുള്ള ഓൺലൈൻ ക്ലാസുകൾ മേയ് മാസം മുതൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈയൊരു ഉദ്യമത്തിൽ ഭാരതീയ വിദ്യാനികേതന്റെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു. ഭാരതീയ വിദ്യാനികേതനു കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാർത്ഥികളെ ഈ പരിപാടിയുടെ ഭാഗമാക്കാനുള്ള പരിശ്രമം, താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Summary: 'Malayalee students were at the forefront of anti-CAA agitation'; ABVP letter to educational institutions asking to be part of organisation's recruitment process Central Universities

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News