'ചെറിയൊരു നേട്ടത്തിന് പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ല'; സൈബർ ആക്രമണങ്ങൾക്കെതിരെ അച്ചു ഉമ്മൻ

"പിതാവിന്റെ പേരിന് കളങ്കമുണ്ടാകുന്ന തരത്തിലാണ് വ്യാജപ്രചാരണങ്ങൾ, ഇത് നിരാശാജനകമാണ്"

Update: 2023-08-24 18:20 GMT

കോട്ടയം: സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ചെറിയൊരു നേട്ടത്തിന് പോലും ഉപയോഗിച്ചിട്ടില്ലെന്നും അച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് വഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

ഇത്രയും നാളായി ഈ പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.

Advertising
Advertising

എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.

പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.

എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News