Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം ഉണ്ടെന്ന് തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡോക്ടർ ഹാരിസ് എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഡിഎംഇ ആവശ്യപ്പെട്ടു. ഹാരിസ് നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. അതേസമയം താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും വിശദീകരണം നൽകുമെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ പറഞ്ഞു.
വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ഡോക്ടർ ഹാരിസ് ചിറക്കലിൽ നിന്ന് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം. ഹാരിസ് ചിറക്കൽ തുറന്നു പറച്ചിൽ നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്ന് റിപ്പോർട്ടിലുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെങ്കിലും സ്വീകരിച്ച മാർഗം ശരിയല്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഡിഎംഇ നൽകിയ നോട്ടീസിൽ പറയുന്നു. വിശദീകരണം ലഭിച്ചതിനുശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുക. താൻ ഇത്തരമൊരു നോട്ടീസ് പ്രതീക്ഷിച്ചിരുന്നുവെന്ന നിലപാടിലാണ് ഹാരിസ് ചിറയ്ക്കൽ. എത്രയും വേഗം മറുപടി നൽകുമെന്നും ഡോക്ടർ പറഞ്ഞു.
1960ലെ സർക്കാർ സർവീസ് ചട്ടങ്ങൾ ഡോക്ടർ ഹാരിസ് ലംഘിച്ചു. ശസ്ത്രക്രിയ മുടങ്ങിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും വിദഗ്ധസമിതി കണ്ടെത്തി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഡോക്ടർ ഹാരിസ് ശ്രമിച്ചിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ ഉണ്ട്. വിശദീകരണം ലഭിച്ചാലും ഡോക്ടർക്കെതിരെ കടുത്ത നടപടിയിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. നടപടി ഉണ്ടായാൽ പ്രതിഷേധത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പ് കെജിഎംസിടിഎ നൽകിയിട്ടുണ്ട്.