'മുൻ വൈരാഗ്യത്തിന്‍റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന നടത്തി'; ദിലീപിന്‍റെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷനാകുമോ?
കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗംബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ, ഗൂഢാലോചന നടത്തിയത് നടൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ പങ്കാളിത്തം എട്ടര വർഷത്തിനിപ്പുറവും സംശയാതീതമായി സംശയാമായി തെളിയിക്കാൻ പ്രോസിക്യൂഷൻ കഴിയുമോ എന്നതാണ് ഏറെ നിർണായകം. കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ, ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിന്‍റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തി.
കൂടാതെ ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്.
85 ദിവസത്തിനു ശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയിൽ മോചിതനായത്. അറസ്റ്റിന് തൊട്ടു പിന്നാലെ താരസംഘടന അമ്മ ദിലീപിനെ പുറത്താക്കി. എട്ടാം പ്രതി ദിലീപിന്‍റെ ഗൂഡാലോചനയും പങ്കും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷൻ ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.