നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയ കേസിൽ ഇന്ന് വിധി

വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു

Update: 2023-12-07 07:53 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഇന്ന് വിധി. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്.

വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

2022ൽ അതിജീവിത നൽകിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. കേസിൽ തുടരന്വേഷണം നടക്കുന്ന സമയമായതിനാൽ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തിൽ പറയുകയും ഏഴ് ദിവസത്തിനകം സർക്കാർ അംഗീകൃത ലാബിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നൽകിയ റിപ്പോർട്ടിലും മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു.

2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതിൽ അവസാന വട്ടം ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതായാണ് കണ്ടെത്തൽ. ഈ തവണ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണിൽ വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്. ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ ഇതിൽ അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു നടിയുടെ ആവശ്യം.

നടിയുടെ ഹരജിയെ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എതിർത്തിരുന്നു. മാർച്ചോടു കൂടി കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രിം കോടതി നിർദേശമുള്ളതിനാൽ വിചാരണ വൈകിപ്പിക്കാനാണ് നടിയുടെ ശ്രമമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദിലീപിന്റെ ഹരജി തള്ളിയ കോടതി ദിലീപ് എന്തിനാണ് ഇത്തരത്തിൽ നടിയുടെ വാദത്തെ എതിർക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇതിന് കൃത്യമായ മറുപടി നൽകാൻ ദിലീപിന് സാധിച്ചില്ല.

Full View

നടിയുടെ ആവശ്യത്തെ സർക്കാരും പ്രോസിക്യൂഷനും പിന്തുണച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും വിശ്വാസ്യതയുടെ കൂടി വിഷയമാണിതെന്നുമാണ് സർക്കാർ നിലപാട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News