'ആദ്യമായിട്ടാണ് മന്ത്രിയെ അടുത്ത് കാണുന്നത്‌'; വി.ശിവന്‍കുട്ടിയെ കാണാനെത്തി അഫ്ഗാൻ കുട്ടികൾ

മന്ത്രിയോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനുശേഷം മന്ത്രിമന്ദിരം ചുറ്റിക്കണ്ട ശേഷമാണ് കുട്ടികളും കുടുംബവും മടങ്ങിയത്

Update: 2025-07-13 09:23 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച്  ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ അഫ്ഗാനിൽ നിന്നുള്ള കുഞ്ഞുങ്ങളെത്തി. തിരുവനന്തപുരം കാര്യവട്ടം സ്കൂളിലെ വിദ്യാർഥികളാണ് ഈ അഫ്ഗാൻ കുട്ടികൾ. മന്ത്രിയും ജീവിതപങ്കാളി പാർവതി ദേവിയും ചേർന്ന് കുരുന്നുകളെ സ്വീകരിച്ചു.

വിദ്യാഭ്യാസ മന്ത്രിയാണ് കുരുന്നുകളെ പ്രഭാത ഭക്ഷണത്തിനായി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചതെങ്കിലും അതിഥികളെ സ്വീകരിച്ചത് ജീവിതപങ്കാളി പാർവതി ദേവിയാണ്.

അഫ്ഗാൻ പൗരരായ ഷഫീഖ് റഹീമി - സർഘോന റഹീമി ദമ്പതികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലാണ്. കേരള സർവകലാശാലയിൽ ഗവേഷണ പഠനത്തിനായാണ് ഷഫീഖ് റഹീമി തിരുവനന്തപുരത്ത് എത്തിയത്. ഇതോടെ ഈ കുരുന്നുകളുടെ പഠനവും കേരളത്തിലായി. കുട്ടികളും നന്നായി മലയാളം പറയും.

Advertising
Advertising

സ്കൂളും ടീച്ചര്‍മാരും നല്ലപോലെയാണ് പരിഗണിക്കുന്നതെന്നും കുട്ടികള്‍ പറയുന്നു. സ്കൂളില്‍ നിരവധി കൂട്ടുകാരുണ്ടെന്നും കുറേ നല്ല ടീച്ചര്‍മാരെ കിട്ടിയെന്നും കുട്ടികള്‍ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് കാര്യവട്ടം സ്കൂളിൽ എത്തിയപ്പോഴാണ് ഈ കുരുന്നുകളെ വിദ്യാഭ്യാസ മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി ഇവരെ കുടുംബസമേതം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. 

അഞ്ചുപേരിൽ മർവ റഹീമിയും അഹമ്മദ് മൊസമ്മൽ റഹീമിയും ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. അഹമ്മദ് മൻസൂർ റഹീമി മൂന്നാം ക്ലാസിലും. അഹമ്മദ് മഹർ റഹീമി, മഹനാസ് റഹീമി എന്നിവർ ശ്രീകാര്യം സ്കൂളിൽ തന്നെ പ്രവേശനം നേടും. കുടുംബത്തോടൊപ്പം സ്കൂൾ അധ്യാപകരായ ബീന എം വി, ലത ആർ, പിടിഎ പ്രസിഡൻ്റ് ഗോപകുമാർ കെ, എസ് എം സി ചെയർമാൻ സുരേഷ് കുമാർ എസ് എ എന്നിവരുമുണ്ടായിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവം എന്നാണ് ഷഫീഖ് പറഞ്ഞത്.മന്ത്രിയോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനുശേഷം മന്ത്രിമന്ദിരം ചുറ്റിക്കണ്ട ശേഷമാണ് കുടുംബം മടങ്ങിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News