പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു
Update: 2025-12-15 13:20 GMT
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് രോഗവ്യാപനം തടയാൻ നിയന്ത്രണം ഏർപ്പെടുത്തിയത്.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായി നിർത്തിവയ്ക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.