വിദ്യയെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

വിദ്യയുടെ ചില അടുത്ത സുഹൃത്തുക്കളും അവരുടെ ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്

Update: 2023-06-11 08:34 GMT
Advertising

പാലക്കാട്: വ്യാജരേഖ ചമയ്ക്കൽ കേസിൽ ഒളിവിൽ കഴിയുന്ന എസ്.എഫ്.ഐ മുൻ നേതാവ് വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടി അഗളി പൊലീസ്. വിദ്യയുടെ ചില അടുത്ത സുഹൃത്തുക്കളും അവരുടെ ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും മൊഴി എടുക്കും. അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും.

അഗളി പൊലീസ് ഇന്നലെ കാസർകോട്ടെ വിദ്യയുടെ വീട്ടിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. വ്യാജ രേഖയുടെ അസൽ പകർപ്പ് ലഭിക്കാനാണ് ഇന്നലെ പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന വിദ്യ മൂൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. മുൻപ് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ അഗളി പൊലീസ് ആണ് അന്വേഷിക്കുന്നത്.

Full View

വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം നാളെ ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും. കെ വിദ്യ എം.ഫിൽ പഠിച്ചപ്പോഴും ചട്ടലംഘനം നടന്നു എന്ന പുതിയ ആരോപണത്തിലും മലയാളം വിഭാഗം വിവരങ്ങൾ തേടുന്നുണ്ട്. 2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News