അഗ്നിപഥ്: ആർഎസ്എസിന് സായുധ പരിശീലനം ലഭിച്ചവരെ അണിനിരത്താനുള്ള വംശീയ പദ്ധതി - വെൽഫെയർ പാർട്ടി

"ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയെ സൈനികവൽകൃത രാജ്യമാക്കി മാറ്റുക എന്നുള്ളത് ആർഎസ്എസ് ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനമാണ്."

Update: 2022-06-19 10:20 GMT
Editor : abs | By : abs
Advertising

തിരുവനന്തപുരം: അഗ്നിപഥ് എന്ന പുതിയ സൈനിക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് രാജ്യത്തെ ആർഎസ്എസിന് സൈനിക സേവനം ലഭിച്ച വാളണ്ടിയർമാരെ അണിനിരത്താൻ ബിജെപി ഭരണകൂടം ചുട്ടെടുത്ത പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വംശീയ ഉന്മൂലനത്തിന് ശക്തി പകരുവാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. വെൽഫെയർ പാർട്ടി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വംശീയ ഭരണകൂടം നടത്തിവരുന്ന ഉന്മാദ ദേശീയത ശക്തിപ്പടുത്തുന്ന പ്രവർത്തനങ്ങളെ സൈനികവൽക്കരിക്കുകയാണ് അഗ്നി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈനിക മേഖലയിലെ രീതിയും പ്രവർത്തനങ്ങളും രാജ്യത്തെ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറുന്നത് അവരുടെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ്. സർക്കാറിന്റെ ചെലവുചുരുക്കൽ പദ്ധതിയായി തെറ്റിദ്ധരിപ്പിച്ച് ഒരുകൂട്ടം വംശീയ ഭീകർക്ക് സർക്കാർ ചെലവിൽ സൈനിക പരിശീലനം നൽകി സമൂഹത്തിൽ അക്രമവാസന വർധിപ്പിക്കുന്നതിനുള്ള ശ്രമമാണിത്.

ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയെ സൈനികവൽകൃത രാജ്യമാക്കി മാറ്റുക എന്നുള്ളത് ആർഎസ്എസ് ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനമാണ്. അർദ്ധ സൈനിക സ്വഭാവമുള്ള ആർഎസ്എസിനെ സൈനിക സംഘമായി രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന് മാത്രം ഉപകരിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. യുവാക്കളുടെ മനസ്സിലേക്ക് സൈനികവൽക്കരണം നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളോടും ദളിത് - ആദിവാസി സമൂഹങ്ങളോടും അപകടകരമായ മാനസികാവസ്ഥ പുലർത്തുന്നവരാതി മാറ്റിയെടുക്കാനുള്ള നീക്കമാണ്. സൈനിക മേഖലയിലെ ഉദ്യോഗാർത്ഥികളായ യുവാക്കൾക്ക് നേരെ നടത്തുന്ന വെല്ലുവിളി കൂടിയാണ് അഗ്നിപഥ്. ഒരു ലക്ഷത്തിനു പുറത്ത് ഒഴിവുള്ള സൈനിക മേഖലയിൽ 46000 താൽക്കാലിക നിയമനം നടത്തുന്നതിലൂടെ യുവാക്കളുടെ തൊഴിൽ സ്വപ്നത്തെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ തകർക്കുന്നതും യുവാക്കളുടെ തൊഴിൽ സുരക്ഷയും തൊഴിൽ അവകാശങ്ങളും ഇല്ലാതാക്കുന്നതുമായ അഗ്നിപഥ് വംശീയ പദ്ധതിക്കെതിരെ ജനാധിപത്യം സമൂഹം ശക്തമായ പോരാട്ടത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News