ഇനി വോട്ട് ചോദിക്കാൻ മെസ്സിയും റൊണാൾഡോയും വീട്ടിലെത്തും !
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും എഐ നിർമ്മിത ഉള്ളടക്കങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു
AI generated image
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പ്രചാരണച്ചൂടിലാണ് മുന്നണികൾ. വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് പാര്‍ട്ടികൾ. എഐയെ കൂട്ടുപിടിച്ചാണ് ഇത്തവണത്തെ പ്രചാരണം. ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ വോട്ട് ചോദിച്ച് ചിലപ്പോൾ നിങ്ങളുടെ നാട്ടിലെത്തിയേക്കും.
ചിലപ്പോൾ അല്ല മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത് രണ്ടാംവാർഡിലെ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിംലീഗിലെ കെ.പി. സലീം കളത്തിലിറക്കിയത് മെസ്സിയെയായിരുന്നു. യഥാർഥ മെസ്സിയല്ല; എഐ മെസ്സി. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. 24 മണിക്കൂർകൊണ്ട് ഒരു ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. സലീമിന് വോട്ടുചെയ്യണമെന്നും മന്ത്രി കബളിപ്പിച്ചപോലെ സലീം നിങ്ങളെ വഞ്ചിക്കില്ലെന്നും എഐ മെസ്സി വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും എഐ നിർമ്മിത ഉള്ളടക്കങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥം മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഡീപ് ഫേക്ക് വീഡിയോ പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഇതിനോട് ചുവടു പിടിച്ച് ഇത്തവണയും മൺമറഞ്ഞ ജനകീയ നേതാക്കളിൽ പലരും വോട്ട് ചോദിച്ചെത്തും. എഐ ഉപയോഗിച്ച് ഒരു ദേശീയ നേതാവിൻ്റെ പ്രസംഗം പോലും, പ്രാദേശിക ശൈലിയിൽ പരിഭാഷപ്പെടുത്തി അവതരിപ്പിക്കാൻ സാധിക്കും.
കൂടാതെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോസ്റ്ററുകൾ സോഷ്യൽ മീഡിയ ഗ്രാഫിക്സുകൾ, സ്ഥാനാർഥിയുടെ ചിത്രങ്ങൾ എന്നിവ നിമിഷങ്ങൾക്കകം നിര്‍മിക്കാം. കൂടാതെ പ്രാദേശിക ഈണങ്ങൾക്കനുസരിച്ചുള്ള പ്രചാരണ ഗാനങ്ങൾ പോലും ഉണ്ടാക്കാൻ സാധിക്കും.