കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ഗള്‍ഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന് പുറമെ ദമ്മാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക്‌ അധിക സര്‍വീസുകള്‍ ആരംഭിച്ചു.

Update: 2024-04-07 01:42 GMT
Advertising

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായാണ്‌ കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ ആഭ്യന്തര- വിദേശ സര്‍വീസുകള്‍ നടത്തുന്നത്‌. സർവീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വർധിപ്പിക്കുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആഴ്‌ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 93 ല്‍ നിന്ന്‌ 104 ആക്കിയാണ് ഉയര്‍ത്തിയത്. ഗള്‍ഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന് പുറമെ ദമ്മാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക്‌ അധിക സര്‍വീസുകള്‍ ആരംഭിച്ചു. കൂടാതെ ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. കോഴിക്കോട്‌ വിമാനത്താവളത്തില്‍നിന്ന് ആഴ്‌ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 77ല്‍ നിന്ന്‌ 87 ആക്കി ഉയര്‍ത്തി. റാസല്‍ ഖൈമ, ദമ്മാം എന്നീ അധിക സർവീസുകൾക്ക് പുറമെ പുതുതായി ആരംഭിച്ച ബംഗളൂരു സർവീസും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂരില്‍ നിന്നും 12 അധിക സർവീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്നത്.

ഷാര്‍ജ, അബൂദബി, റാസല്‍ ഖൈമ, ബംഗളൂരു എന്നിവയാണ്‌ പുതിയ റൂട്ടുകള്‍. തിരുവനന്തപുരത്ത്‌ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം 35ൽ നിന്ന് 63 ആക്കി ഉയർത്തി. ബംഗളൂരു, ഹൈദരാബാദ്‌, ചെന്നൈ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന എയർലൈൻ ആയി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മാറി. കേരളത്തിൽനിന്ന് 38 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തുന്നുണ്ട്‌. മറ്റൊരു ഇന്ത്യൻ എയർലൈനും സര്‍വീസ്‌ നടത്താത്ത 15 റൂട്ടുകളും എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്തുന്ന 14 റൂട്ടുകളും ഇതിൽ ഉൾപ്പെടും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News