എ.കെ.ജി സെന്ററിന്‌ നേരെ സ്‌ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ്

'വഴിയിൽ വെച്ച് മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി'

Update: 2022-07-02 07:03 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ്. വഴിയിൽ വെച്ച് മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.

നേരത്തെ എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്തിയൂർക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.

അതേസമയം എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സിസിടിവികൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പൊട്ടക്കുഴി ജങ്ഷന്‍ വരെ പ്രതി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളിൽ വ്യക്തമല്ല.

ഡിസിആര്‍ബി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പൊലീസ് അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News