വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം;ഇടപെടലുമായി സംസ്ഥാന നേതൃത്വം

ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ രഹസ്യയോഗം ചേർന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം

Update: 2023-01-27 01:14 GMT

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ രഹസ്യയോഗം ചേർന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ലഹരിക്കടത്തിൽ സിപിഎം നേതാവ് എ ഷാനവാസ് ആരോപണവിധേയനായതിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്.

ഷാനവാസിനെതിരായ കൂട്ടപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സജി ചെറിയാൻ പക്ഷത്തിന്റെ ആരോപണം. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഞ്ച് നേതാക്കൾ ഇതിന് ചുക്കാൻ പിടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനും തീരുമാനിച്ചിരുന്നു. ബംഗളൂരുവിൽ നടന്ന സിഐടിയു ദേശീയ സമ്മേളനത്തിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഹസ്യയോഗം ചേർന്നെന്നാണ് ആരോപണം. സമ്മേളന പ്രതിനിധി അല്ലാത്ത സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ പങ്കെടുത്തെന്നും ആക്ഷേപമുണ്ട്. ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകാനാണ് നീക്കം.

Advertising
Advertising

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ഉയർന്നെങ്കിലും ചർച്ചയായില്ല. പരാതി നൽകാൻ തീരുമാനിച്ച നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മറ്റ് വിഷയങ്ങൾ വേണ്ടെന്നായിരുന്നു സജി ചെറിയാന്റെ നിലപാട്. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ നേതൃ യോഗങ്ങൾ ചേരും.ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളും തർക്കങ്ങളും തുടരുന്നതിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News