തൂക്കം വെറും 7 കിലോ; കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് ആവശ്യമായ പരിചരണവും ഭക്ഷണവുമില്ലാതെ
രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് സാധാരണ 12 കിലോഗ്രാം ഭാരം ആവശ്യമായിരിക്കെ, രാഹുലിന്റെ ശരീരഭാരം വെറും 7 കിലോഗ്രാം മാത്രമായിരുന്നു
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ മതിയായ പരിചരണവും ഭക്ഷണമുമില്ലാതെ രണ്ടു വയസ്സുകാരൻ മരിച്ചു. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിലും പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തിൽ രക്തക്കുറവും കടുത്ത വിളർച്ചയും ഉണ്ടായിരുന്നതായും ആവശ്യത്തിന് ആഹാരവും പരിചരണവും ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് സാധാരണ 12 കിലോഗ്രാം ഭാരം ആവശ്യമായിരിക്കെ, രാഹുലിന്റെ ശരീരഭാരം വെറും 7 കിലോഗ്രാം മാത്രമായിരുന്നു.
അമ്മ പ്രസവിച്ച് മണിക്കൂറുകൾക്കകം മരണം
കുട്ടി മരിക്കുന്ന സമയത്ത് മാതാവ് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. തലേദിവസം വൈകുന്നേരത്തോടെ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളുമടക്കം ഏഴ് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഇവരിൽ മറ്റ് കുട്ടികൾക്ക് 10, 7, 5, 3 എന്നിങ്ങനെയാണ് പ്രായം. ഇതിനിടെ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോൾ മരണപ്പെടുന്നത്.
പിതാവിന്റെ അവഗണനയെന്ന് പരാതി
അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്. എന്നാൽ പിതാവ് കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ ശ്രദ്ധ പുലർത്തിയിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് രാജേഷ് നൽകിയ മൊഴി. മഴയിൽ വീട് തകർന്നതിനെ തുടർന്ന് നിലവിൽ പ്ലാസ്റ്റിക് ഷെഡ്ഡിലാണ് ഈ കുടുംബം കഴിഞ്ഞുപോന്നിരുന്നത്. സംഭവത്തിൽ വിശദമായ പരിശോധനകൾ നടക്കുകയാണ്.