പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപണം; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചു

ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസ്

Update: 2022-11-18 04:10 GMT
Editor : Lissy P | By : Web Desk

മലപ്പുറം: പെൺകുട്ടിയെ ശല്യം ചെയ്തു എന്ന് ആരോപിച്ച് മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു. പാവിട്ടപ്പുറം സ്വദേശി ആഷിഖിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേർ പിടിയിൽ. മർദനമേറ്റ ആഷികിനെ പോക്‌സോ വകുപ്പ് പ്രകാരവും പൊലീസ് അറസ്റ്റ് ചെയ്തു.

ചങ്ങരംകുളത്ത് ജോലി ചെയ്യുന്ന പാവിട്ടപ്പുറം സ്വദേശി ആഷികിനെയാണ് ഒരു സംഘം യുവാക്കൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ട് പോയി മർദിച്ചത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് സിസിടിവി ദൃശ്യം ശേഖരിച്ച് ആഷികിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ആഷികിനെ മർദിച്ചവശനാക്കിയാണ് സംഘം സ്റ്റേഷനിലെത്തിച്ചത് .

Advertising
Advertising

പ്രായപൂർത്തിയാവാത്ത സഹോദരിയെ ശല്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചതെന്നാണ് സംഘം പൊലീസിന് മൊഴി നൽകിയത്. എന്നാൽ പെൺകുട്ടിയുമായി ആഷിക് പ്രണയത്തിലായിരുന്നു എന്ന് ആഷിക്കിന്റെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇരു കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

ആഷിക്കിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കാഞ്ഞൂർ സ്വദേശി മുഹമ്മദ് അസ്‍ലം, ചെറവല്ലൂർ സ്വദേശി അമീർ , പെരുമുക്ക് സിറാജുദ്ദീൻ, കാഞ്ഞിയൂർ സ്വദേശി വിനോദ് കുമാർ എന്നിവർക്കെതിരെ തട്ടിക്കൊണ്ടു പോകൽ ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മർദനമേറ്റ ആഷിക്കിനെതിരെ പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പും ചുമത്തി അറസ്റ്റ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News