ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപ്പന: 53 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
26.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്
ആലുവ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡ്രൈ ഡേ ദിവസങ്ങളിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 53 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
ചൂർണിക്കര വില്ലേജ്, തായിക്കാട്ടുകര എസ്എൻപുരം കരയിൽ വള്ളൂർ അകത്തോട്ട് വീട്ടിൽ ശ്രീധരന്റെ മകൻ സാബു (57) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 കുപ്പികളിലായി 26.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ കെ.എച്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തായിക്കാട്ടുകര, എസ്എൻപുരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ കുറെ നാളുകളായി എക്‌സൈസ് ഷാഡോ ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഡ്രൈ ഡേ ദിവസങ്ങളിൽ ആലുവ കുന്നത്തേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇയാൾ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ കുമാർ എ.സി, പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത് കെ.എസ്, ബിബിൻ ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഷ്‌കർ സാബു, രജിത് ആർ. നായർ, വിഷ്ണു സി.എസ്. നായർ, സലാഹുദ്ദീൻ, ബേസിൽ കെ. തോമസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിജി ആന്റണി, ഡ്രൈവർ പ്രദീപ് കുമാർ സി.ടി. എന്നിവർ പങ്കെടുത്തു.
താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വിദേശമദ്യ ശേഖരവും തോക്കിൻ്റെ തിരകളും കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ
താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടില്‍ നിന്ന് 63 കുപ്പി വിദേശമദ്യവും എഴുപതോളം തോക്കിൻ്റെ തിരകളും കണ്ടെടുത്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശിക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുടമസ്ഥൻ്റെ മകനായ കമ്മാളൻകുന്നത്ത് അമരാപുരിയിൽ ബൈജു, നെല്ലിപ്പൊയിൽ മീനാട്ടുകുന്നേൽ ജിതിൻ മൈക്കിൾ, ഈങ്ങാപ്പുഴ മലപുറം വെള്ളാടിക്കാവിൽ കെ.എം ഷാജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത വിദേശമദ്യം താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘവും, തിരകള്‍ താമരശ്ശേരി പൊലീസും കസ്റ്റഡിയിലെടുത്തു.