പ്രതിരോധിക്കാം അമീബിക് മസ്തിഷ്‌ക ജ്വരത്തെ; വേണം ജാഗ്രത

സംസ്ഥാനത്ത് ഈ വർഷം ഏഴാമത്തെയാള്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്

Update: 2025-08-24 05:41 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം പടരുകയാണ്. ഇന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ 45കാരന് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഏഴാമത്തെയാള്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവ് കഴിഞ്ഞ 21 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ കുട്ടിയുടെ ഏഴു വയസുള്ള സഹോദരനും ചികിത്സയിലാണ്. ഈ കുട്ടിയുടെ മൂത്ത സഹോദരനും രോഗ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. മലപ്പുറം സ്വദേശിയായ 49 കാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും അന്നശ്ശേരി സ്വദേശിയായ 38കാരനുമാണ് അമീബിക് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവര്‍.

Advertising
Advertising

കഴിഞ്ഞ വര്‍ഷം മുതല്‍ അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 സെപ്റ്റംബറോടെ 19 കേസുകളും നിരവധി മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗലക്ഷണങ്ങള്‍:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും രോഗലക്ഷണങ്ങളുടെ ഭാഗമാണ്. രോഗം ഗുരുതരമായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തില്‍ കുളിച്ചവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.

മാലിന്യം കലര്‍ന്ന തോടുകളിലും കുളങ്ങളിലും കുളിക്കുന്നവരിലാണ് പൊതുവെ രോഗം കാണപ്പെടുന്നത്. പകരാന്‍ സാധ്യതയുള്ള അമീബിക് ജ്വരം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്‍കുന്നത് രോഗത്തിന്റെ കാഠിന്യം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനം.

പ്രതിരോധ മാര്‍ഗങ്ങള്‍:

  • പനി, തലവേദന, ഛര്‍ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടണം
  • കെട്ടിക്കിടന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം
  • വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം
  • ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണം
  • മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും, ശുദ്ധമല്ലാത്ത വെള്ളത്തില്‍ മുഖവും വായും കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കണം
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News