അമീബിക് മസ്തിഷ്ക ജ്വരം: മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു

രോഗലക്ഷണമുള്ള നാല് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്

Update: 2024-05-15 11:03 GMT

പ്രതീകാത്മക ചിത്രം

മലപ്പുറം: പുഴയിൽ കുളിച്ചവർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ തിരുരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു. പ്രദേശത്ത് പുഴയിൽ കുളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.

അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം രോഗലക്ഷണമുള്ള നാല് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ഉള്ള കുട്ടിയുടെ ബന്ധുക്കളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരും മൂന്നിയൂരിലെ പുഴയിൽ കുളിച്ചിരുന്നു.

ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്ലോറിനേഷൻ നടക്കുന്നു. പ്രദേശങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചു. പുഴയിൽ കുളിച്ചവർക്ക് ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ അധികൃതർ നിർദേശിച്ചു​.

Advertising
Advertising

നിലവിൽ ജലദോഷമടക്കമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ മൂന്നിയൂർ പഞ്ചായത്തിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയിൽ കുളിക്കുന്നത് പരമാവധി ഒഴിവാക്കണം. പനി, ജലദോശം, തലവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ ചികിത്സ തേടണം എന്നും പഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട്.

രോ​ഗബാധിതനായ കുട്ടിയും നിരീക്ഷണത്തിലുള്ള കുട്ടികളും കടലുണ്ടിപ്പുഴയിൽ മൂന്ന് ദിവസം മുമ്പ് കുളിച്ചിരുന്നു. ഇതിനു പിന്നാലെ പനിയും ജലദോഷവും വരികയും പിന്നീട് ഇത് മൂർച്ഛിക്കുകയുമായിരുന്നു. പുഴയിലെ വെള്ളത്തിൽ നിന്നാകാം ഈ രോഗം വന്നതെന്ന് ഡോക്ടർമാർ പറയുന്നത്.

വെള്ളം മൂക്കിലൂടെ അകത്തേക്ക് കയറി അതിലെ അമീബ വൈറസിന്റെ സാന്നിധ്യം തലച്ചോറിലെത്തിയതാണ് കാരണമെന്നാണ് നിഗമനം. മരണനിരക്ക് വളരെയേറെയുള്ള രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം.

നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടുവരുന്നത്. അതു കൊണ്ടുതന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോവുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിങ് പൂളുകളിൽ ഇവ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News